

പ്രതിയുടെ മുറ്റത്തെ ഹാൻഡ് പമ്പ് ഉപയോഗിച്ച് വാറ്റ് ചാരായം പുറത്തെടുക്കുന്ന പൊലീസ്.
AI generated summary, newsroom reviewed
ഝാൻസി: സിനിമയിലെ കുറ്റാന്വേഷണ സീനുകളെ വെല്ലുന്ന രീതിയിൽ വീടിന്‍റെ കോൺക്രീറ്റ് മുറ്റത്തിനടിയിൽ ഒളിപ്പിച്ചുവെച്ച വ്യാജമദ്യം ഹാൻഡ് പമ്പ് ഉപയോഗിച്ച് പുറത്തെടുക്കുന്ന 'ഹൈ-ടെക്' ഏർപ്പാട് എക്സൈസും പൊലീസും ചേർന്ന് പൊളിച്ചു. മുറ്റത്തുനിന്ന് വെള്ളത്തിന് പകരം ചാരായം പമ്പ് ചെയ്തെടുക്കുന്ന ഈ 'ബോർവെൽ മോഡൽ' പരിപാടി ഒടുവിൽ റെയ്ഡിൽ കുടുങ്ങുകയായിരുന്നു.
സംയുക്ത പരിശോധനയിൽ 340 ലിറ്റർ വ്യാജ നാടൻ മദ്യവും പുളിപ്പിക്കാൻ വെച്ചിരുന്ന 4,300 കിലോ ലഹാനും പിടിച്ചെടുത്ത് നശിപ്പിച്ചു. വിവിധയിടങ്ങളിലാണ് എക്സൈസും പൊലീസും റെയ്ഡ് നടത്തിയത്. എക്സൈസ് നിയമപ്രകാരം നാല് കേസുകൾ രജിസ്റ്റർ ചെയ്യുകയും ഒരു സ്ത്രീയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തു. മറ്റൊരു റെയ്ഡിൽ 30 ലിറ്റർ വ്യാജ മദ്യവുമായി മറ്റൊരു സ്ത്രീയെയും പിടികൂടി. 1,000 ലിറ്റർ പുളിപ്പിക്കുന്ന മിശ്രിതവും അന്ന് നശിപ്പിച്ചു.
മദ്യഷാപ്പുകളിലെ മായം ചേർക്കലും അമിത വില ഈടാക്കലും പരിശോധിക്കാൻ മിന്നൽ പരിശോധനകളും നടത്തി. സ്റ്റോക്ക് രജിസ്റ്ററുമായി ഒത്തുനോക്കുകയും എല്ലാ വിൽപ്പനയും പി.ഒ.എസ് മെഷീൻ വഴി തന്നെയാകണമെന്ന് കർശന നിർദ്ദേശം നൽകുകയും ചെയ്തു. അനധികൃത കേന്ദ്രങ്ങളിൽ നിന്ന് മദ്യം വാങ്ങരുതെന്നും ക്യു.ആർ കോഡുള്ള മദ്യം അംഗീകൃത കടകളിൽ നിന്ന് മാത്രം വാങ്ങണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പരസ്യ മദ്യപാനം തടയാനും പരിശോധനകൾ കർശനമാക്കി. അറസ്റ്റിലായവരെ ജയിലിലടച്ചതായും അന്വേഷണം തുടരുകയാണെന്നും സർക്കിൾ ഓഫീസർ രക്ഷ്പാൽ സിങ് അറിയിച്ചു.