ലണ്ടനിലെ ഇന്ത്യൻ റെസ്റ്റൊറന്‍റിലെ തീവയ്പ് കേസ്

രണ്ടു പതിനേഴുകാർക്ക് പത്തു വർഷം തടവു ശിക്ഷ
Fire-damaged
‘Indian Aroma’

തീവയ്പിനിരയായ 

‘ഇന്ത്യൻ അരോമ’

Updated on: 

ലണ്ടൻ: കിഴക്കൻ ലണ്ടനിലെ ഇന്ത്യൻ റെസ്റ്റൊറന്‍റിനു നേരെ പെട്രോളൊഴിച്ച് തീവയ്പു നടത്തുകയും ഉപഭോക്താക്കൾക്ക് ഗുരുതരമായി പൊള്ളലേൽപ്പിക്കുകയും ചെയ്ത കേസിൽ പതിനേഴുകാരായ രണ്ടു കുട്ടികൾക്ക് ഓൾഡ് ബെയ് ലി ക്രിമിനൽ കോടതി പത്തു വർഷം തടവു ശിക്ഷ വിധിച്ചു. ഇതു കൂടാതെ മൂന്ന് വർഷത്തെ അധിക നിരീക്ഷണ കാലാവധിയും ഉൾപ്പെടുന്നതാണ് കോടതിയുടെ വിധി. 2025 ഓഗസ്റ്റ് 22-നാണ് കിഴക്കൻ ലണ്ടനിലെ ഗാന്റ്സ് ഹില്ലിലുള്ള ‘ഇന്ത്യൻ അരോമ’ എന്ന റെസ്റ്റൊറന്‍റിനു നേരെ ക്രൂരമായ അക്രമം ഇവർ നടത്തിയത്.

വടിവാളുകളും കഠാരകളുമായി എത്തിയ കൗമാരക്കാർ റെസ്റ്റൊറന്‍റിന്‍റെ മുൻവാതിലിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. തുടർന്ന് മൂന്നാമതൊരാൾ അകത്തു കയറി തറകളിലും മേശകളിലും ആളുകളിരുന്ന കസേരകളിലും വ്യാപകമായി പെട്രോൾ ഒഴിച്ച ശേഷം പുറത്തിറങ്ങി വാതിലടച്ച് പേപ്പറിനു തീ കൊളുത്തി അകത്തേയ്ക്ക് എറിഞ്ഞതോടെ വൻ സ്ഫോടനത്തോടെ തീ ആളിപ്പടരുകയായിരുന്നു എന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

അക്രമത്തിനു ശേഷം മോഷ്ടിച്ചെടുത്ത കാറുമായി അക്രമികൾ രക്ഷപ്പെട്ടു. ആളപായം വരുത്തുക എന്ന ഉദ്ദേശ്യത്തോടെ ആസൂത്രിതവും പ്രൊഫഷണലുമായ നീക്കമാണിതെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ജഡ്ജി നിരീക്ഷിച്ചു. തികച്ചും അപരിചിതരായ ആളുകൾ കൊല്ലപ്പെടാൻ വരെ സാധ്യതയുണ്ടെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് പ്രതികൾ ക്രൂരമായ ഈ ആക്രമണം നടത്തിയതെന്നും, തിരിച്ചറിയപ്പെടാത്ത മുതിർന്ന ഒരു കുറ്റവാളിയുടെ നിർദ്ദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചതെന്ന് വ്യക്തമാണെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. പ്രായപൂർത്തിയാകാത്തതിനാൽ പ്രതികളുടെ പേരുവിവരങ്ങൾ കോടതി വെളിപ്പെടുത്തിയിട്ടില്ല. ആക്രമണം നടക്കുമ്പോൾ എട്ട് ഉപഭോക്താക്കളാണ് റെസ്റ്റൊറന്‍റിനുള്ളിൽ ഉണ്ടായിരുന്നത്.

ഇവരിൽ അഞ്ചുപേർക്ക് ജീവിതകാലം മുഴുവൻ ബാധിക്കുന്ന തരത്തിൽ അതീവ ഗുരുതരമായി പൊള്ളലേറ്റു. ശരീരത്തിന്‍റെ പകുതിയോളം ഗുരുതരമായി പൊള്ളലേറ്റ ഒരു ഇരുപതുകാരിയായ യുവതിയുടെ വസ്ത്രങ്ങൾ ചർമ്മത്തിൽ ഉരുകിപ്പിടിച്ച നിലയിൽ ആയിരുന്നു. ഇവരെ പിന്നീട് ദീർഘനാൽ കൃത്രിമ കോമയിൽ പ്രവേശിപ്പിച്ചു. ശരീരത്തിൽ അമ്പത്തൊന്നു ശതമാനം പൊള്ളലേറ്റ യുവതിയുടെ ഭർത്താവ് കത്തിയെരിയുന്ന ശരീരവുമായി റെസ്റ്റൊറന്‍റിൽ നിന്നു പുറത്തേയ്ക്ക് ഓടുകയായിരുന്നു. ആക്രമണം നടന്ന് നാൽപത്തഞ്ചു ദിവസങ്ങൾക്കു ശേഷമാണ് തനിക്കു ബോധം തിരിച്ചു കിട്ടിയതെന്ന് അദ്ദേഹം കോടതിയിൽ മൊഴി നൽകി. ആക്രമണത്തെ തുടർന്ന് കനത്ത നാശനഷ്ടം ഉണ്ടായ ഇന്ത്യൻ അരോമ റെസ്റ്റൊറന്‍റ് എന്നേയ്ക്കുമായി അടച്ചു പൂട്ടി.

logo
Metro Vaartha
www.metrovaartha.com