ദീപു| പ്രതി ഷാജി
ദീപു| പ്രതി ഷാജി

കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറത്ത് കൊന്ന കേസ്; ഗുണ്ടാ നേതാവ് പിടിയിൽ

കളിയിക്കാവിളയിൽ ക്വാറി ഉടമയായ തിരുവനന്തപുരം കരമന സ്വദേശി ദീപുവാണ് കൊല്ലപ്പെട്ടത്

തിരുവനന്തപുരം: തിരുവനന്തപുരം കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം മലയം സ്വദേശിയായ ഗുണ്ടാ നേതാവ് അമ്പിളിയെന്ന ഷാജിയാണ് പിടിയിലായത്. ഇയാളെ മുൻപും കൊലക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. തിരുവനന്തപുരത്തു നിന്നാണ് ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

കളിയിക്കാവിളയിൽ ക്വാറി ഉടമയായ തിരുവനന്തപുരം കരമന സ്വദേശി ദീപുവാണ് കൊല്ലപ്പെട്ടത്. കളിയിക്കാവിളയിൽ കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ ദീപുവിന്‍റെ മൃതേദഹം തമിഴ്നാട് പൊലീസാണ് കണ്ടെത്തിയത്. പൊലീസ് പെട്രോളിംഗിനിടെ ബോണറ്റുപൊക്കി ഒരു വാഹനം പാർക്ക് ചെയ്തതായി അറിഞ്ഞു. പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഡ്രൈവർ സീറ്റിലുള്ള ദീപു ബെൽറ്റ് ഇട്ടിരിക്കുകയായിരുന്നു. വാഹനം ഓഫ് ചെയ്തിരുന്നില്ല. പണത്തിന് വേണ്ടി ചിലർ ദീപുവിനെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്ന് ഭാര്യയും സുഹൃത്തുക്കളും പൊലീസിന് മൊഴി നൽകിയിരുന്നു. പണത്തിന് വേണ്ടിയുള്ള കൊലപാതകമെന്നാണ് പൊലീസിന്‍റെ പ്രഥമിക നിഗമനം.