പൊലീസിന്‍റെ ലഹരിവേട്ട: രണ്ടര കിലോയോളം കഞ്ചാവ് പിടിച്ചു, 6 പേർ അറസ്റ്റിൽ

വർഷങ്ങളായി കഞ്ചാവ് കച്ചവടം നടത്തിവരികയാണെന്നും, എന്നാൽ, പിടിയിലാവുന്നത് ആദ്യമായിട്ടാണെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി
പൊലീസിന്‍റെ ലഹരിവേട്ട: രണ്ടര കിലോയോളം കഞ്ചാവ് പിടിച്ചു, 6 പേർ അറസ്റ്റിൽ

പത്തനംതിട്ട : ജില്ലയിൽ പൊലീസിന്റെ നേതൃത്വത്തിൽ തുടരുന്ന കഞ്ചാവ് വേട്ടയിൽ വിവിധ സ്ഥലങ്ങളിൽ നിന്നായി ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അടൂർ പഴകുളത്തു നിന്നും രണ്ടേകാൽ കിലോയോളം കഞ്ചാവ് പിടികൂടി, ഒരാൾ അറസ്റ്റിലായി. കുടശ്ശനാട് പാലമേൽ കഞ്ചുകോട് പൂവണ്ണം തടത്തിൽ അൻസർ (30)ആണ് അടൂർ പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷ്യൽ സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ പിടിയിലായത്.

മോട്ടോർ സൈക്കിളിൽ കായംകുളത്തു നിന്നും പഴകുളം ഭാഗത്തേക്ക് കഞ്ചാവുമായി വരുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് സംഘം നടത്തിയ നീക്കത്തിലാണ് യുവാവ് കുടുങ്ങിയത്. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ പഴകുളത്ത്, കായംകുളം പത്തനാപുരം റോഡുവക്കിൽ മോട്ടോർ സൈക്കിളുമായി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസിനെക്കണ്ട് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ, തടഞ്ഞു നിർത്തിചോദ്യം ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിൽ, മോട്ടോർ സൈക്കിളിന്റെ ടാങ്ക് കവറിനുള്ളിൽ പ്ലാസ്റ്റിക്ക് കവറിലായി ബ്രൗൺ പേപ്പറിൽ പൊതിഞ്ഞനിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ വിൽപനയ്ക്കായി കൊണ്ടു വന്നതാണെന്ന് ഇയാൾ സമ്മതിച്ചു. വർഷങ്ങളായി കഞ്ചാവ് കച്ചവടം നടത്തിവരികയാണെന്നും, എന്നാൽ, പിടിയിലാവുന്നത് ആദ്യമായിട്ടാണെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി.

ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെതുടർന്ന്, ജില്ലാ നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരന്റെ മേൽനോട്ടത്തിലായിരുന്നു പൊലീസ് നടപടികൾ. അടൂർ പൊലീസ് ഇൻസ്‌പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എസ് ഐ എം മനീഷ്, എസ് സി പി ഓമാരായ സൂരജ്, അനീഷ്, സി പി ഓ ശ്യാം എന്നിവരും, ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷ്യൽ ടീം അംഗങ്ങളുമുണ്ടായിരുന്നു.

കഴിഞ്ഞയാഴ്ച്ചയിലും അടൂർ പൊലീസ് ഒരു കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ലഹരിക്കടത്തിനെതിരായി പ്രത്യേക പൊലീസ് സംഘം രൂപീകരിച്ച് ശക്തമായ നിരീക്ഷണവും പരിശോധനയും തുടർന്നുവരികയാണെന്നും, ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജ്ജിതമാക്കാൻ നിർദേശം നൽകിയതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നും, സമീപജില്ലകളിൽ നിന്നും കഞ്ചാവ് പെട്ടെന്ന് എത്തിക്കുന്നതിന് സാധിക്കുന്നതുകൊണ്ട് അടൂരിൽ ഇത്തരക്കാർ കേന്ദ്രീകരിക്കുന്നതെന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും, ശക്തമായ നടപടികളിലൂടെ ഇത് തടയുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ബുധനാഴ്ച്ച വൈകിട്ട് 5.40 ന് മല്ലപ്പള്ളി കൈപ്പറ്റ റോഡിൽ റവന്യൂ ടവറിന് സമീപത്ത് നിന്നും വിൽക്കാൻ കൊണ്ടുവന്ന 5 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടാങ്ങൽ വായ്പ്പൂർ ഊന്നുകല്ലിൽ വീട്ടിൽ അബ്ദുൽ സലിം (19), മല്ലപ്പള്ളി പരിയാരം വെള്ളറയിൽ വീട്ടിൽ സുബിൻ ജോൺ (26) എന്നിവരെയാണ് കീഴ്‌വായ്‌പ്പൂർ പൊലീസും ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക പൊലീസ് സംഘവും ചേർന്ന് പിടികൂടിയത്. കീഴ്‌വായ്‌പ്പൂർ എസ് ഐ സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പൊലീസ് നടപടി.

ചൊവ്വാഴ്ച്ച രാത്രിയും പൊലീസ് കഞ്ചാവ് പിടിച്ചെടുത്തിരുന്നു, പന്തളം പൊലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിൽ എസ് ഐമാരായ വിനു, അനിൽകുമാർ ,എസ് സി പി ഓ വിനോദ് , എന്നിവരടങ്ങിയ സംഘമാണ് സ്പെഷ്യൽ ടീമിന്റെ സഹായത്തോടെ പ്രതികളെ പിടികൂടിയത്. പശ്ചിമ ബംഗാൾ ജയ് പാൽഗുഡി സ്വദേശി ചന്ദൻ റായ് (38), ജെയ്പാൽഗുഡി ഹചിദുൽ ഹഖ് (37), ദക്ഷിൻ ദിനാജ്പൂർ അബൂബക്കർ സിദ്ദീഖ് (24) എന്നിവരെ, പന്തളം കടക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ വീട്ടിൽ നിന്നും വില്പനയ്ക്ക് സൂക്ഷിച്ച കഞ്ചാവുമായി രാത്രി 10.30 ന് അറസ്റ്റ് ചെയ്യുകയായിരുന്നു. മേസ്തിരി ജോലിയുടെ മറവിലാണ് ഇവർ കഞ്ചാവ് വില്പന നടത്തിയിരുന്നത്. ഇവർ കഞ്ചാവിന്റെ സ്ഥിരം വിൽപ്പനക്കാരാണെന്നും പത്രക്കടലാസ്പൊതികളിലാക്കിയാണ് കഞ്ചാവ് വിറ്റിരുന്നത് എന്നും ചോദ്യം ചെയ്യലിൽ തെളിഞ്ഞു. വീടിന്റെ അടുക്കളയുടെ വർക്ക്‌ ഏരിയയുടെ സ്‌ലാബിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പന്തളത്തും സമീപപ്രദേശങ്ങളിലും താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾ നിരീക്ഷണത്തിലാണെന്നും, വരുംദിവസങ്ങളിൽ കർശന പരിശോധന ഉണ്ടാകുമെന്നും, ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. കോടതി മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com