ആൺ സുഹൃത്തിനോടു സംസാരിച്ചതിന് ആൾക്കൂട്ട വിചാരണ; യുവതി ജീവനൊടുക്കി, എസ്‌ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

5 മണിക്കൂറോളം യുവാവിനെ സമീപത്തുള്ള മൈതാനത്ത് തടഞ്ഞുവച്ച് വിചാരണ ചെയ്തു
Kannur women suicide 3 SDPI activists arrest Moral hooliganism

റസീന (40) | പിടിയിലായ പ്രതികൾ

Updated on

കണ്ണൂർ: പിണറായി കായലോട് പറമ്പായിയിൽ ആൺസുഹൃത്തിനോട് സംസാരിച്ചതിന്‍റെ പേരിലുണ്ടായ ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. റസീന മൻസിലിൽ റസീനയെ (40) ആണ് ചൊവ്വാഴ്ച വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പറമ്പായി സ്വദേശികളായ വി.സി. മുബഷീർ (28), കെ.എ. ഫൈസൽ (34), വി.കെ. റഫ്നാസ് (24) എന്നിവരെ പിണറായി പൊലീസ് അറസ്റ്റ്‌ ചെയ്തു.

ആത്മഹത്യാക്കുറിപ്പിൽ നിന്നു കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ തലശ്ശേരി സബ് ജയിലിലേക്ക്‌ റിമാൻഡ് ചെയ്തു. പ്രതികൾ എസ്‌ഡിപിഐ പ്രവർത്തകരാണെന്നു പൊലീസ് അറിയിച്ചു.

ഞായറാഴ്ച വൈകിട്ട് 3 മണിയോടെയാണ് കേസിനാസ്‌പദമായ സംഭവം. കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനടുത്ത് റസീന മയ്യിൽ സ്വദേശിയായ സുഹൃത്തിനോട് സംസാരിച്ചുനിൽക്കുന്നത് കണ്ട പ്രതികൾ ഇത് ചോദ്യം ചെയ്തു. യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ചശേഷം സുഹൃത്തിനെ കൈയേറ്റം ചെയ്തു.

5 മണിക്കൂറോളം യുവാവിനെ സമീപത്തുള്ള മൈതാനത്ത് തടഞ്ഞുവച്ച് വിചാരണ ചെയ്ത സംഘം യുവാവിന്‍റെ മൊബൈൽ ഫോണും ടാബും പിടിച്ചെടുത്തു. തുടർന്ന് രാത്രി 8.30 ഓടെ പറമ്പായിയിലെ എസ്ഡിപിഐ ഓഫിസിലെത്തിച്ച് റസീനയുടെയും യുവാവിന്‍റെയും ബന്ധുക്കളെ ഓഫിസിലേക്ക് വിളിച്ചുവരുത്തി. രാത്രി ഏറെ വൈകി ഇരുവരെയും ബന്ധുക്കൾക്കൊപ്പം വിട്ടയയ്ക്കുകയായിരുന്നു.

എന്നാൽ, യുവാവിന്‍റെ കൈയിൽനിന്ന് പിടിച്ചെടുത്ത ടാബും മൊബൈൽ ഫോണും വിട്ടുനൽകാൻ സംഘം തയാറായിരുന്നില്ല. ഇവ പിന്നീട് പൊലീസ് പ്രതികളിൽ നിന്ന് കണ്ടെത്തി.

ആൾക്കൂട്ട വിചാരണയിൽ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. കൂടുതൽ പ്രതികൾ പിടിയിലാവാനുണ്ടെന്നും കേസിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com