കാപ്പാ പ്രതിയുടെ അമ്മയുടെ കൊലപാതകം: പ്രതികൾ അറസ്റ്റിൽ

ശനിയാഴ്ച വൈകിട്ട് കുറുമ്പകര മുളയങ്കോട് വസ്തു തർക്കത്തെ തുടർന്നുണ്ടായ സംഘർഷങ്ങളാണ് പ്രശ്‌നങ്ങൾക്ക് തുടക്കം
കാപ്പാ പ്രതിയുടെ അമ്മയുടെ കൊലപാതകം: പ്രതികൾ അറസ്റ്റിൽ

പത്തനംതിട്ട : കാപ്പാ കേസിലുൾപ്പെട്ട പ്രതിയോടും സഹോദരനോടുമുള്ള വിരോധത്തിൽ രാത്രി വീട്ടിൽ അതിക്രമിച്ചുകയറി നടത്തിയ ആക്രമണത്തിൽ മാതാവ് കൊല്ലപ്പെട്ട സംഭവത്തിൽ പത്ത് പ്രതികൾ അറസ്റ്റിലായി ഏനാദിമംഗലം ചാങ്കൂർ ഒഴുകുപാറ വടക്കേചരുവിൽ സുജാതെ(64)യാണ് കഴിഞ്ഞ ഞായറാഴ്ച രാത്രി 10.30 ന് ഒരു സംഘം ആളുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കമ്പിവടികൊണ്ട് തലക്കേറ്റ ഗുരുതര പരിക്കിനെ തുടർന്നാണ് മരണം.

സംഭവത്തിൽ ഏനാദിമംഗലം കുറുമ്പകര എൽസി ഭവനിൽ അനീഷിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കുറുമ്പകര മുകളുവിള പടിഞ്ഞാറ്റേതിൽ ജിതിൻ, മാരൂർ കാട്ടുകാലയിൽ സുരേന്ദ്രൻ, മാരൂർ കാട്ടുകാലയിൽ സുധാ ഭവനം സുധീഷ്, കുറുമ്പകര പൂവണ്ണം മൂട്ടിൽ വിളയിൽ സജിത്, മാരൂർ കാട്ടുകാലയിൽ എലിമുള്ളതിൽ മേലേതിൽ ശ്യാം, ശരത്, കുറുമ്പകര അയണിവിള പടിഞ്ഞാറ്റേതിൽ ഉന്മേഷ്, കുറുമ്പകര ചീനിവിള വീട്ടിൽ രതീഷ്, കുറുമ്പകര ചീനിവിള അൽ അമീൻ മൻസിലിൽ അൽ ആമീൻ (28) ഏനാദിമംഗലം ഇളമണ്ണൂർ മരുതിമൂട് മാഹീൻ മൻസിലിൽ ഷാനവാസ് എന്നിവരാണ് അറസ്റ്റിലായത്.

പതിനഞ്ചോളം വരുന്ന സംഘമാണ് വീട്ടിൽ കയറി ആക്രമണം നടത്തിയതെന്ന് അയൽവാസികൾ പൊലീസിനോട് പറഞ്ഞിരുന്നു. വീട് മുഴുവനും സംഘം തല്ലിതകർക്കുകയും, വീട്ടുപകരണങ്ങൾ നശിപ്പിച്ച് വീടിന് മുൻപിലുള്ള കിണറ്റിലിടുകയും ചെയ്തു.വീട്ടിലെ വളർത്തുനായയെയും വെട്ടിപ്പരിക്കേൽപ്പിച്ചു. തലയ്ക്ക് മാരകമായി പരിക്കേറ്റ സുജാതയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. ആക്രമണത്തിൽ തലച്ചോറിന് ക്ഷതമേൽക്കുകയും വാരിയെല്ലിന് പൊട്ടലുണ്ടാവുകയും ചെയ്തു.

ശനിയാഴ്ച വൈകിട്ട് കുറുമ്പകര മുളയങ്കോട് വസ്തു തർക്കത്തെ തുടർന്നുണ്ടായ സംഘർഷങ്ങളാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ബന്ധുക്കൾ തമ്മിലുള്ള വഴിത്തർക്കം തീർക്കുന്നതിനായി സുജാതയുടെ മക്കളായ സൂര്യലാൽ(24),ചന്ദ്രലാൽ(21) എന്നിവർ അവരുടെ വളർത്തു നായയുമായി അവിടെയെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇവർ കൊണ്ടുവന്ന വളർത്തുനായ നാല് വയസ്സുള്ള പെൺകുട്ടി ഉൾപ്പടെ മൂന്ന് പേരെ കടിക്കുകയും ചെയ്തു. ഇതിന് പ്രതികാരമായിട്ടാണ് ഞായറാഴ്ച രാത്രി സംഘം ചേർന്ന് സുജാതയുടെ വീടിന് നേരെ ആക്രമണം ഉണ്ടായത്. ഈ സമയം സുര്യലാലും ചന്ദ്രലാലും വീട്ടിൽ ഉണ്ടായിരുന്നില്ല. ഇരുവരും പൊലീസിൻ്റെ ഗുണ്ടാലിസ്റ്റിൽപ്പെട്ടവരാണ്.

സുജാതയുടെ കൊലപാതകത്തെതുടർന്ന് ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ പ്രത്യേക ആന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതികൾക്കയി അടൂർ പൊലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. പ്രതികൾ കറവൂർ സന്യാസികോണിലുള്ള ബന്ധു വീട്ടിലുണ്ടെന്ന് തിരിച്ചറിഞ്ഞ പൊലീസ്, ബുധനാഴ്ച പുലർച്ചെ സ്ഥലത്തെത്തിയെങ്കിലും, പൊലീസിനെ കണ്ട്‌ പ്രതികൾ കാട്ടിനുള്ളിലേക്ക് കടന്നു. തുടർന്ന് അടൂരിൽ നിന്നും കൂടുതൽ പൊലീസ് എത്തി കറവൂർ പുന്നല വനമേഖലകളിൽ തിരച്ചിൽ നടത്തിയതിനെതുടർന്നാണ് അറസ്റ്റ്.

സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി അടൂർ ഡിവൈഎസ്പി ആർ ബിനു പറഞ്ഞു. പ്രതികളെ ഒളിവിൽ താമസിപ്പിച്ചവർക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. സുജാതയുടെ ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം, ഇവരുടെ മക്കളെ ഏനാത്ത് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമ കേസിലേക്ക് അടൂർ, ഏനാത്ത് പൊലീസ് സംഘങ്ങളുടെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുത്തിരുന്നു.

അടൂർ പൊലീസ് സ്റ്റേഷനിൽ നാലുദിവസത്തിനുള്ളിൽ രണ്ടു കൊലപാതകങ്ങളാണ് സംഭവിച്ചത്. രണ്ടു കേസുകളിലും അന്വേഷണം പൊലീസ് തുടരുകയാണ്. അടൂർ ഏഴംകുളം, തേപ്പുപാറയിൽ റോഡരികിൽ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ തേപ്പുപാറ സ്വദേശി വിലങ്ങു മണി എന്നറിയപ്പെടുന്ന മണിക്കുട്ടനെ (60) മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പൊലീസ് അന്വേഷണത്തിൽ മരണം കൊലപാതകം ആണെന്ന് തെളിയുകയും, പ്രതിയായ ഏഴംകുളം വില്ലേജിൽ ഒഴുകുപാറ, കൊടന്തൂർ കിഴക്കേക്കര വീട്ടിൽ സുനിൽ കുമാറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി, കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം തുടരുന്നതിന് ജില്ലാ പൊലീസ് മേധാവി നിർദേശം നൽകി.

അടൂർ ഡിവൈഎസ്പി ആർ ബിനുവിൻ്റെ മേൽനോട്ടത്തിൽ അടൂർ പൊലീസ് ഇൻസ്‌പെക്ടർ പ്രജീഷ് റ്റിഡി, അടൂർ സബ് ഇൻസ്‌പെക്ടർമാരായ വിപിൻ കുമാർ, മനീഷ് എം, ധന്യ കെ എസ്, ജലാലുദ്ദീൻ റാവുത്തർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അജിത്ത് , രാജേഷ് ചെറിയാൻ, സൂരജ് ആർ കുറുപ്പ്‌, റോബി ഐസക്, സിവിൽ പൊലീസ് ഓഫീസർമാരായ പ്രവീൺ, നിസ്സാർ എം, മനീഷ് രാജേഷ്, ശ്രീജിത്ത്, അനൂപ എസ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com