
കൊല്ലം: കൊല്ലം കുന്നിക്കോട് കാപ്പാ കേസ് പ്രതിയെ നടുറോഡിൽ കുത്തിക്കൊന്നു. പോത്ത് റിയാസ് എന്നറിയപ്പെടുന്ന റിയാസാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പ്രതി ഷിഹാബ് പൊലീസിൽ കീഴടങ്ങി.
ഇറച്ചിക്കട ലേലവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് വ്യക്തമാക്കി. റിയാസിന്‍റെ ശരീരത്തിൽ നിരവധി കുത്തുകളേറ്റിട്ടുണ്ട്. കുന്നിക്കോട് പൊലീസ് സ്റ്റേഷനു സമീപത്തു വച്ച് രാത്രി പതിനൊന്നു മണിയോടെയാണ് റിയാസിനു കുത്തേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുറച്ചു മാസങ്ങൾക്കു മുമ്പ് റിയാസ് ഷിഹാബിനെ ആക്രമിച്ചിരുന്നു. ഇതു സംബന്ധിച്ചു ഷിഹാബ് പൊലീസിൽ പരാതിയും നൽകിയിരുന്നു. നിരവധി കേസുകളിൽ പ്രതിയായ റിയാസ് കാപ്പ കേസിൽ ഉൾപ്പെട്ടു നാടു കടത്തപ്പെട്ടിരുന്നു.