
കോഴിക്കോട്: ദുബായിൽ നിന്നു കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.75 കിലോ ഗ്രാം സ്വർണം പിടികൂടി. മാർക്കറ്റിൽ 1 കോടിയോളം വിലവരുന്ന സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ വടകര സ്വദേശി മുഹമ്മദ് സഫ്‌വാനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇൻഡിഗോ വിമാനത്തിലാണ് സഫ്‌വാൻ കരിപ്പൂരിലെത്തിയത്. മിശ്രരൂപത്തിലാക്കിയ സ്വർണം പാന്‍റ്സിലും ഇന്നർ ബെനിയനിലും ബ്രീഫിലും ഉൾഭാഗത്തായി തേച്ചുപിടിച്ചാണ് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി വിമാനത്താവള ടെർമിനലിന് പുറത്തിറങ്ങിയ ശേഷമാണ് പൊലീസ് സ്വർണം കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.