വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്; കാർത്തികയുടെ സുഹൃത്തിനെയും പ്രതി ചേർക്കും

കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ടേക്ക് ഓഫ് ഓവർസീസ് കൺസൾട്ടൻസി എന്ന സ്ഥാപനത്തിന്‍റെ മറവിലായിരുന്നു കാർത്തിക തട്ടിപ്പ് നടത്തിയിരുന്നത്
karthika pradeep job fraud case kochi police searching 1 more accused

കാർത്തിക പ്രദീപ്

Updated on

കൊച്ചി: വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഇന്‍സ്റ്റഗ്രാം താരം കാർത്തിക പ്രദീപിന്‍റെ സുഹൃത്തിലേക്കും അന്വേഷണം നീളുന്നു. കൊച്ചി കേന്ദ്രീകൃതമായി പ്രവർത്തിച്ചിരുന്ന ടേക്ക് ഓഫ് ഓവർസീസ് കൺസൾട്ടൻസി എന്ന സ്ഥാപനത്തിന്‍റെ മറവിലായിരുന്നു കാർത്തിക തട്ടിപ്പ് നടത്തിയിരുന്നത്. ഈ സ്ഥാപനത്തിന്‍റെ പങ്കാളിയായിരുന്ന യുവാവിനെയാണ് പൊലീസ് തേടുന്നത്.

നിലവിൽ മാൾട്ടയിലുള്ള ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്താനാണ് കൊച്ചി സെൻട്രൽ പൊലീസ് ശ്രമിക്കുന്നത്. വിദേശജോലിക്കു വേണ്ടി നിരവധി പേർ പണം നൽകിയിരുന്നു.

എന്നാൽ, ജോലി ലഭിക്കാത്തതു മൂലം പണം തിരികെ ചോദിച്ചവരെ കാർത്തിക ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായാണ് പൊലീസ് പറയുന്നത്. ഒരു കോടിയിലേറെ രൂപ കാർത്തിക തട്ടിയെടുത്തതായാണ് നിലവിൽ ലഭിക്കുന്ന വിവരം.

വിദേശ ജോലി വാഗ്ദാനം ചെയ്ത് തൃശൂർ സ്വദേശിനിയിൽ നിന്നും 5.23 ലക്ഷം തട്ടിയെന്ന കേസിലായിരുന്നു കാർത്തികയെ കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.

എന്നാൽ, തട്ടിപ്പ് മനസിലായ തൃശൂർ സ്വദേശിനി പിന്നീട് പൊലീസിനെ സമീപിക്കുകയായിരുന്നു. പിന്നാലെ കാർത്തികക്കെതിരേ 18ഓളം പരാതികൾ വിവിധ ജില്ലകളിൽ നിന്നും ലഭിച്ചു. തട്ടിപ്പിൽ നിന്നു ലഭിച്ചിരുന്ന പണം കാർത്തിക ആഡംബര ജീവിതം നയിക്കുന്നതിന് ചെലവിട്ടുവെന്നാണ് പൊലീസ് പറയുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com