

കവിത കൊലക്കേസ്
പത്തനംതിട്ട: കവിത കൊലക്കേസിലെ പ്രതി അജിൻ റെജി മാത്യു കുറ്റക്കാരനാണെന്ന് കോടതി. അയിരൂർ സ്വദേശിനി കവിതയെ കുത്തി പരുക്കേൽപ്പിച്ചശേഷം പെട്രോൾ ഒഴിച്ച് തീ വെച്ച കേസിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കൊലപാതകം ഉൾപ്പെടെയുളള വകുപ്പുകൾ ചേർത്താവും പ്രതിക്ക് തിരുവല്ല അഡീഷണൽ ജില്ലാകോടതി വ്യാഴാഴ്ച ശിക്ഷ വിധിക്കുക.
2019 മാർച്ച് 12 നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ഇടറോഡിൽ വെച്ചായിരുന്നു ആക്രമണം. കവിതയും അജിനും ഹയർസെക്കൻഡറി ക്ലാസിൽ സഹപാഠികളായിരുന്നു. ഇതിന് ശേഷം കവിത തിരുവല്ലയിൽ എംഎൽടി കോഴ്സിന് ചേർന്നു. ഇതോടെ കവിത പ്രണയബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു.ഇതാണ് അജിനെ ക്രൂരകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചത്.
പ്രതി മൂന്ന് കുപ്പികളിൽ പെട്രോൾ വാങ്ങി കവിത വരുന്ന വഴിയിൽ കാത്ത് നിന്ന് പിന്നിൽ നിന്ന് കവിതയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊളളലേറ്റ കവിതയെ അടുത്തുളള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി ഗുരുതരമായതിനാൽ കവിതയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോകുകയായിരുന്നു. ഇവിടെ വച്ചാണ് മരണം സംഭവിച്ചത്.