വിദ്യാർഥിനിക്കെതിരേ വ്യാജ പ്രചാരണം; അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍, പോക്‌സോ കേസ്

കുട്ടിയെ അധ്യാപകന്‍ പീഡിപ്പിച്ചുവെന്നും പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നുമാണ് അധ്യാപിക വ്യാജ പ്രചരണം നടത്തിയത്
kilimanoor teacher suspended pocso case for false sexual abuse case

വിദ്യാർഥിനിക്കെതിരായ വ്യാജ പ്രചരണം; അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍, പോക്‌സോ കേസ്

Updated on

തിരുവനന്തപുരം: കിളിമാനൂരിൽ പ്ലസ്‌ വൺ‌ വിദ്യാർഥിനിയെക്കുറിച്ച് വ്യാജ പ്രചരണം നടത്തിയ അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍. കിളിമാനൂർ രാജാരവിവർമ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം ഹിന്ദി അധ്യാപിക സി.ആർ. ചന്ദ്രലേഖയ്ക്കെതിരേയാണ് നടപടി.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്റ്റർക്കു മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് വിദ്യാഭ്യാസമന്ത്രിയുടെ നിർദേശപ്രകാരം സ്‌കൂൾ മാനേജ്മെന്‍റ് നടപടിയെടുത്തത്.

അതേസമയം, വ്യാജപ്രചരണം നടത്തിയ അധ്യാപികയ്ക്കെതിരേ പോക്‌സോ വകുപ്പുകൾ പ്രകാരം കേസെടുത്തു. പെൺകുട്ടിയുടെ അമ്മയുടെ മൊഴി സ്വീകരിച്ചതായും പൊലീസ് അറിയിച്ചു.

സഹ അധ്യാപകനോടുള്ള വ്യക്തിവൈരാഗ്യത്തിന്‍റെ പേരിൽ പെൺകുട്ടിയെ ഇരയാക്കുകയായിരുവെന്നാണ് കുടുംബത്തിന്‍റെ ആരോപണം. വ്യാജ പ്രചരണത്തിനു പിന്നിൽ ഒരു അധ്യാപികയും ജീവനക്കാരനുമാണെന്ന് ആരോപിച്ച് വിദ്യാർഥിനിയുടെ അമ്മ മുഖ്യമന്ത്രിക്കും പട്ടികജാതി പട്ടികവർഗ കമ്മിഷനും സ്കൂൾ അധികൃതർക്കും പരാതി നൽകിയിരുന്നു.

അധ്യാപികയുടെയും ജീവനക്കാരന്‍റെയും അപവാദ പ്രചാരണത്തിൽ മനംനൊന്ത് പ്ലസ് വൺ വിദ്യാർഥിനി പഠനം അവസാനിപ്പിച്ചതായും പരാതിയിൽ വ്യക്തമാക്കിയിരുന്നു. സ്കൂളിലെ ഹാജർ ബുക്ക് മോഷ്ടിച്ച കേസിൽ സസ്പെന്‍ഷനിലുള്ളയാളാണ് ജീവനക്കാരൻ.

പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗുരുതര അപസ്മാരം പിടിപെട്ട് സ്‌കൂളില്‍ നിന്നു നാലു മാസം മാറി നിന്നപ്പോഴായിരുന്നു അധ്യാപകര്‍ തമ്മിലുള്ള ചേരിപ്പോരില്‍ കുട്ടിയെ ഇരയാക്കുന്നത്. കുട്ടിയെ അധ്യാപകന്‍ പീഡിപ്പിച്ചുവെന്നും ഗര്‍ഭിണിയാണെന്നും ആദ്യം വാക്കാല്‍ വ്യാജ പ്രചാരണം നടത്തി. കൂടാതെ പൊലീസിലും സിഡബ്ലുസിയിലും ഉൾപ്പടെ വ്യാജ പരാതിയും നൽകി.

കുട്ടിയെ തിരിച്ചറിയും വിധം തയാറാക്കിയ യൂട്യൂബ് വിഡിയൊ, സ്കൂളുമായി ബന്ധപ്പെട്ട വിവിധ ഗ്രൂപ്പുകളിലും ഇവർ പങ്കുവച്ചു. എന്നാൽ, അന്വേഷണത്തിൽ പരാതികളെല്ലാം വ്യാജമാണെന്ന് തെളിയുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com