
കോട്ടയം: തട്ടുകടയിൽ വച്ച് പാലാ പൈക സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. പൂവരണി പൂവത്തോട് ഭാഗത്ത് പറപ്പള്ളിക്കുന്നേൽ വീട്ടിൽ സൂര്യദേവ് (23) എന്നയാളെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞദിവസം പൈക ഭാഗത്തുള്ള തട്ടുകടയിൽ വച്ച് പൈക സ്വദേശിയായ യുവാവുമായി വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് ഇയാളെ തട്ടുകടയിൽ ഉണ്ടായിരുന്ന ജഗ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പൈക സ്വദേശി മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരാതിയെ തുടർന്ന് പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സൂര്യദേവിനെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.