കോട്ടയത്ത് ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞ ഇരട്ടക്കൊലക്കേസ് പ്രതി ബംഗളൂരുവിൽ അറസ്റ്റിൽ

പ്രതിഭാഗത്തിന്‍റെ വാദം അംഗീകരിച്ചാണ് കോടതി ഒരു വർഷത്തോളം ജയിലിൽ കഴിഞ്ഞിരുന്ന പ്രതിയ്ക്ക് ജാമ്യം അനുവദിച്ചത്.
Kottayam Double murder case suspect arrested in Bangalore

മുഹമ്മദ് ബിലാൽ

Updated on

കോട്ടയം: ദമ്പതികളെ കൊലപ്പെടുത്തി ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞ ഇരട്ടക്കൊലക്കേസ് പ്രതിയെ ബംഗളൂരുവിൽ നിന്നും കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ പ്രതിയായ താഴത്തങ്ങാടി മാലിപ്പറമ്പിൽ മുഹമ്മദ് ബിലാൽ (27) ആണ് പിടിയിലായത്. 2020ൽ നടന്ന സംഭവത്തിൽ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതി ഈ കേസിന്‍റെ വിചാരണ ജില്ലാ കോടതിയിൽ നടന്നുവരവെ ജാമ്യത്തിലിറങ്ങി ഒളിവിൽ പോവുകയായിരുന്നു.

2020 ജൂൺ ഒന്നിനാണ് ദമ്പതികളായ താഴത്തങ്ങാടി പാറപ്പാടം ഷീന മൻസിലിൽ ഷീബ സാലി (60), മുഹമ്മദ് സാലി (65) എന്നിവർ വീടിനുള്ളിൽ ക്രൂരമായി ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ ഷീബ വീട്ടിൽ വച്ചും ഭർത്താവ് സാലി 40 ദിവസത്തിന് ശേഷം മെഡിക്കൽ കോളെജ് ആശുപത്രിയിൽ വച്ചും മരിച്ചു. സംഭവത്തിൽ 2 ദിവസത്തിനു ശേഷം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതി ഈ കേസിന്റെ വിചാരണ ജില്ലാ കോടതിയിൽ നടന്നുവരവെ ഒളിവിൽ പോവുകയായിരുന്നു.

ഫൊറൻസിക് പരിശോധനാ ഫലം ലഭിക്കുന്നത് താമസിക്കുന്ന സാഹചര്യത്തിൽ വിചാരണ വൈകും എന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ഒരു വർഷത്തോളം ജയിലിൽ കഴിഞ്ഞിരുന്ന പ്രതിയ്ക്ക് ജാമ്യം അനുവദിച്ചത്. ഇതിനിടെയാണ് ഇയാൾ മുങ്ങിയത്.

തുടർന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്റ്ററായ കെ.ആർ. പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ വി. വിദ്യ, എ.എസ്.ഐ പി. സജി, സീനിയർ സി.പി.ഒ എം. അരുൺ കുമാർ, സി.പി.ഒമാരായ സലമോൻ, കെ.എം. മനോജ്, അജേഷ് ജോസഫ് എന്നിവർ അടങ്ങുന്ന അന്വേഷണസംഘം പ്രതി മുഹമ്മദ് ബിലാലിനെ കണ്ടെത്തുന്നതിനായി അന്വേഷണം നടത്തുകയും, ഇയാൾ ബാംഗ്ലൂരിൽ എവിടെയോ ഉണ്ട് എന്ന് മനസ്സിലാക്കിയ അന്വേഷണസംഘം, ബാംഗ്ലൂർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ബുധനാഴ്ച ബാംഗ്ലൂരിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള പ്രതി മുഹമ്മദ് ബിലാൽ അഞ്ചോളം മോഷണക്കേസുകളിലും, സ്ത്രീകളെ ശല്യം ചെയ്ത കേസിലും പ്രതിയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com