
പ്രമോദ് | പുഷ്പലളിത | ശ്രീജയ
കോഴിക്കോട്: വയോധികരായ സഹോദരിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. ഇവർക്കൊപ്പം താമസിച്ചിരുന്ന ഇളയസഹോദരന്‍ പ്രമോദ് ഒളിവിലാണ്. ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണത്തിലാണ് പൊലീസ് ഉള്ളത്.
ശനിയാഴ്ചയാണ് കോഴിക്കോട് തടമ്പാട്ടുത്താഴത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സഹോദരിമാര്‍ മരിച്ച വിവരം പ്രമോദ് തന്നെയാണ് ബന്ധുക്കളെ വിളിച്ച് അറിയിച്ചത്. തുടർന്ന് ഇവർ വീട്ടില്‍ എത്തിയപ്പോള്‍ രണ്ട് മുറികളിലായി കട്ടിലില്‍ വെള്ളപുതപ്പിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍ ഉണ്ടായിരുന്നത്.
എന്നാൽ ഈ സമയം പ്രമോദ് വീട്ടില്‍ ഇല്ലായിരുന്നു. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാതെ ആയതോടെയാണ് ഇവർ പൊലീസിനെ വിവരമറിയിക്കുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫറോക്ക് റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നും പ്രമോദിന്‍റെ ഫോൺ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയെങ്കിലും പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കഴിഞ്ഞ 3 വര്‍ഷമായി ഇവർ മൂവരും തടമ്പാട്ടുതാഴത്തെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്.