

പ്രതിയായ അമ്മ നിവേദ്യയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുഞ്ഞുങ്ങളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിൽ പ്രതിയായ കുട്ടികളുടെ അമ്മയുടെ സുഹൃത്തായ മേനോൻപാറ പാറക്കുഴി സ്വദേശി മാർട്ടിൻ ഇഗ്നേഷ്യസ് (36) ആണ് പൊലീസ് പിടിയിലായത്. അമ്മ നിവേദ്യയുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് പൊലീസിന് ഇയാളെക്കുറിച്ച് സൂചനകൾ ലഭിച്ചത്. ചോദ്യം ചെയ്യലിൽ ഇയാളുടെ പങ്ക് വ്യക്തമാകുകയായിരുന്നു.
കുട്ടികളുടെ കൊലപാതകത്തിൽ ഇഗ്നേഷ്യസിന് നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. നിവേദ്യയ്ക്ക് ഇയാളിൽ നിന്ന് സഹായം ലഭിച്ചിരുന്നു. കൊലപാതക സമയം ഇയാൾ വീട്ടിലുണ്ടായിരുന്നു. ആരെങ്കിലും വീട്ടിലേക്ക് വരുന്നുണ്ടോ എന്നു നോക്കിയത് ഇയാളാണെന്നും പൊലീസ് പറഞ്ഞു.
നിവേദ്യയും കുടുംബവും താമസിച്ചിരുന്ന വാടക കെട്ടിടത്തിന് തൊട്ടടുത്താണ് ഇഗ്നേഷ്യസ് താമസിച്ചിരുന്നത്. അവർ തമ്മിൽ ബന്ധമുണ്ടായിരുന്നെന്നും അതിനെ തുടർന്നാണ് കൊലപാതകം നടന്നത് എന്നുമാണ് പൊലീസിന്റെ നിഗമനം. തെളിവെടുപ്പിനിടെ ലഭിച്ച വിവരങ്ങൾ കൂടാതെ മറ്റ് നിർണായക വിവരങ്ങൾ കൂടി നിവേദ്യ നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഗ്നേഷ്യസിനെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.