ലോറൻസ് ബിഷ്ണോയിയെ ചോദ്യം ചെയ്യാനാകാത്തത് എന്തുകൊണ്ട്? അമിത് ഷായുടെ ഉത്തരവിനു പിന്നിൽ ദുരൂഹത

ടൈഗർ ഷ്റോഫ് വെടിവയ്പിനു പിന്നാലെയും ലോറൻസ് ബിഷ്ണോയിയെ ചോദ്യം ചെയ്യാനാകാതെ മുംബൈ പൊലീസ്; കേന്ദ്ര ഉത്തരവിനു പിന്നിലെ ദുരൂഹത ചർച്ചയാകുന്നു
Lawrence Bishnoi Interrogation Protection Order

ലോറൻസ് ബിഷ്ണോയ്

File

Updated on: 

മുംബൈ: ഒരു ഗ്യാങ്സ്റ്റർ. നാലിലധികം വൻ കുറ്റകൃത്യങ്ങളുമായി ബന്ധം. ഏറ്റവുമൊടുവിൽ, നടൻ ടൈഗർ ഷ്റോഫിനു നേരെയുള്ള വെടിവയ്പ്. എന്നിട്ടും, മുംബൈ പൊലീസിന് ഈ മനുഷ്യനെ ചോദ്യം ചെയ്യാനാകുന്നില്ല. എന്തുകൊണ്ട്?

ഉത്തരം ഒളിഞ്ഞിരിക്കുന്നത് ഒരു കേന്ദ്ര സർക്കാർ ഉത്തരവിലാണ്-ലോറൻസ് ബിഷ്ണോയിയെ ഗുജറാത്തിലെ സബർമതി ജയിലിൽനിന്ന് പുറത്തുകൊണ്ടുവരുന്നത് വിലക്കുന്ന ഉത്തരവ്.

2023 ഓഗസ്റ്റിൽ, ക്രിമിനൽ നടപടിച്ചട്ടത്തിലെ 268-ാം വകുപ്പ് പ്രകാരം അമിത് ഷായുടെ ആഭ്യന്തര മന്ത്രാലയം ഈ ഉത്തരവ് പുറപ്പെടുവിച്ചു. ക്രിമിനൽ നടപടിച്ചട്ടത്തിന് പകരം വന്ന ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബിഎൻഎസ്എസ്) 303-ാം വകുപ്പ് പ്രകാരമാണ് സമീപകാലത്ത് ഈ ഉത്തരവ് പുതുക്കിവരുന്നത്. കോടതികൾ നൽകുന്ന സ്റ്റാൻഡേർഡ് പ്രൊഡക്ഷൻ വാറന്‍റുകളും, മറ്റ് ഏജൻസികളുടെ കസ്റ്റഡി ചോദ്യം ചെയ്യൽ അഭ്യർഥനകളും, ഈ ഉത്തരവിന്‍റെ ബലത്തിൽ തള്ളിക്കളയാം. വിഡിയൊ ലിങ്കിലൂടെയോ, ജയിലിനുള്ളിൽ തന്നെയോ, അതും ഉചിതമായ കോടതിയുടെ ഉത്തരവോടെ മാത്രമേ ഏതെങ്കിലും ഏജൻസിക്ക് ബിഷ്ണോയിയെ ചോദ്യം ചെയ്യാനാകൂ.

പൊതുസമാധാനം കാക്കാനും, ബിഷ്ണോയിയെ കൊണ്ടുപോകുമ്പോൾ ഉണ്ടായേക്കാവുന്ന അക്രമ സാധ്യത ഒഴിവാക്കാനുമാണ് ഈ നടപടിയെന്നാണ് കേന്ദ്ര സർക്കാരിന്‍റെ വിശദീകരണം. പക്ഷേ, ജയിലിനു പുറത്ത് ബിഷ്ണോയിയുടെ സംഘം കൊലപാതകങ്ങളും ഭീഷണികളും തുടർന്നുകൊണ്ടിരിക്കുമ്പോൾ, ഈ 'സുരക്ഷാ' ഉത്തരവ് യഥാർഥത്തിൽ ആർക്കുവേണ്ടിയാണ് എന്ന ചോദ്യം ഉയരുകയാണ്.

കുപ്രസിദ്ധരുടെ പട്ടികയിലെ പുതിയ പേര്

ഇത്തരമൊരു 'സംരക്ഷണം' ലഭിച്ച ആദ്യ കുപ്രസിദ്ധ തടവുകാരനല്ല ബിഷ്ണോയി. 2015-ൽ, ഇന്തോനേഷ്യയിൽ അറസ്റ്റിലായി ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ട അധോലോക നായകൻ ഛോട്ടാ രാജനും സമാന സംരക്ഷണം ലഭിച്ചിരുന്നു-ഡൽഹിയിലെ തിഹാർ ജയിലിൽ. മുംബൈ പൊലീസിലെ ചില ഉദ്യോഗസ്ഥർ തന്‍റെ എതിരാളി ദാവൂദ് ഇബ്രാഹിമിനു വേണ്ടി പ്രവർത്തിക്കുന്നുവെന്നും, മുംബൈയിൽ തന്‍റെ ജീവൻ അപകടത്തിലാകുമെന്നും അവകാശപ്പെട്ടായിരുന്നു രാജൻ ആ സംരക്ഷണം നേടിയത്.

ബിഷ്ണോയിയുടെ ഇളയ സഹോദരൻ അൻമോലിനും, കഴിഞ്ഞ വർഷം യുഎസിൽനിന്ന് നാടുകടത്തപ്പെട്ടതിനു ശേഷം ഡൽഹിയിലെ തിഹാർ ജയിലിൽ സമാന സംരക്ഷണം തുടരുന്നുണ്ട്.

പഞ്ചാബ് മുതൽ രാജസ്ഥാൻ വരെ, മഹാരാഷ്ട്ര വരെ, വിദേശത്തുപോലും നിരവധി കേസുകൾ നേരിടുന്ന ലോറൻസ് ബിഷ്ണോയി, 2023 മുതൽ അഹമ്മദാബാദിലെ സബർമതി ജയിലിലാണ്. അതേസമയം, അയാളുടെ സംഘം പുറത്ത് ആളുകളെ കൊലപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുകൊണ്ടേയിരുന്നു-ബിഷ്ണോയി സുരക്ഷിതനായി ജയിലിൽ തുടരുമ്പോൾ തന്നെ.

സൽമാൻ ഖാനു ചുറ്റും ഭീകര വല

2024 ഏപ്രിലിൽ, ബാന്ദ്രയിലെ നടൻ സൽമാൻ ഖാന്‍റെ വസതിയായ ഗാലക്സി അപ്പാർട്മെന്‍റിനു പുറത്ത്, ബിഷ്ണോയി സംഘം വാടകയ്ക്കെടുത്ത കൊലയാളികൾ വെടിയുതിർത്തതോടെയാണ് മുംബൈ പൊലീസിന് ഈ ഗ്യാങ്സ്റ്റർ നോട്ടപ്പുള്ളിയായി മാറിയത്-നടനെ വധിക്കാനുള്ള ഗൂഢാലോചനയെന്നായിരുന്നു പൊലീസിന്‍റെ വിലയിരുത്തൽ.

ഏറെക്കാലമായി സൽമാൻ ഖാൻ ബിഷ്ണോയി സംഘത്തിന്‍റെ ലക്ഷ്യമാണ്. ടൈഗർ ഷ്റോഫിനെയും മറ്റുള്ളവരെയും ആക്രമിച്ചത്, സൽമാനുമായുള്ള അടുപ്പം കൊണ്ടാണെന്നാണ് സംഘത്തിന്‍റെ അവകാശവാദം. ഞായറാഴ്ചത്തെ ടൈഗർ ഷ്റോഫ് വധശ്രമത്തിനു ശേഷം, കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസിൽ പ്രതിയായിരുന്ന സൽമാൻ ഖാൻ ലോറൻസിനോടും ബിഷ്ണോയി സമുദായത്തോടും മാപ്പു പറയണമെന്ന ഭീഷണി സംഘം ആവർത്തിച്ചു-"അല്ലെങ്കിൽ നിങ്ങളുടെ കുടുംബത്തിൽ ആരെയും ഞങ്ങൾ വെറുതെ വിടില്ല, നിങ്ങളുടെ വളർത്തുനായ്ക്കളെപ്പോലും." പ്രകൃതിസ്നേഹികളായ ബിഷ്ണോയ് സമുദായക്കാർക്ക് കൃഷ്ണമൃഗം പ്രത്യേകം പ്രാധാന്യമുള്ളതാണ്. ഇത്തരത്തിലൊരു ഗർഭിണിയായ കൃഷ്ണമൃഗത്തെ സൽമാനും മറ്റു ചില ബോളിവുഡ് താരങ്ങളും ചേർന്ന് രാജസ്ഥാനിലെ ജോധ്പുരിൽ വേട്ടയാടി കൊല്ലുകയായിരുന്നു.

2024 ഒക്റ്റോബറിൽ, ബാന്ദ്രയിൽ എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിലും ബിഷ്ണോയിയുടെ ആളുകൾക്ക് ബന്ധമുണ്ടായിരുന്നു. ഈ കേസിലും ബിഷ്ണോയിയെ പ്രതിയാക്കിയെങ്കിലും, പൊലീസിന് കസ്റ്റഡിയിൽ ലഭിച്ചില്ല. സംവിധായകൻ രോഹിത് ഷെട്ടിക്കും പിന്നീട് ഭീഷണി ലഭിച്ചു.

Lawrence Bishnoi Interrogation Protection Order
അവർ ബിഷ്ണോയികൾ, പ്രകൃതിയുടെ കാവൽക്കാർ | Travelogue

കോട്ടയിൽ പിടിയിലായ ഷൂട്ടർമാർ

ഈ മാസം 18ന് ഞായറാഴ്ച വൈകുന്നേരം, ജുഹുവിൽ ടൈഗർ ഷ്റോഫിന്‍റെ കാറിനു നേരേ മൂന്ന് ആക്രമണകാരികൾ വെടിയുതിർത്തു. ലോറൻസ് ബിഷ്ണോയി സംഘം സമൂഹമാധ്യമ പോസ്റ്റിലൂടെ ഉത്തരവാദിത്വം ഏറ്റെടുത്തു. തിങ്കളാഴ്ച രാജസ്ഥാനിലെ കോട്ട റെയിൽവേ സ്റ്റേഷനിൽ മൂന്ന് പ്രതികളെയും പൊലീസ് പിടികൂടി.

ബിഷ്ണോയിയുടെ സഹായിയായ ഗ്യാങ്സ്റ്റർ അനിൽ പണ്ഡിതുമായി ബന്ധമുള്ളവരാണ് വെടിവയ്പുകാരെന്നും, നേപ്പാളിലേക്ക് രക്ഷപെടാനായിരുന്നു പദ്ധതിയെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. സംഘത്തിലെ മറ്റു പലരോടുമൊപ്പം യുഎസിൽ ഒളിവിൽ കഴിയുന്നതായി കരുതപ്പെടുന്ന പണ്ഡിത്, ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള സന്ദേശം സമൂഹമാധ്യമത്തിൽ പുറത്തിറക്കി.

ഈ കേസുകളൊന്നിലും മുംബൈ പൊലീസിന് ബിഷ്ണോയിയെ ചോദ്യം ചെയ്യാനായിട്ടില്ല.

പ്രൊഫഷണൽ ക്രിമിനലിൽനിന്ന് വിവരങ്ങൾ ശേഖരിക്കാൻ കർശനമായ കസ്റ്റഡി ചോദ്യം ചെയ്യൽ അനിവാര്യമാണെന്നും, വെർച്വൽ ചോദ്യം ചെയ്യൽ കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും നിരവധി ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു. എന്നാൽ, ഗൂഢാലോചനയ്ക്ക് പണവും ആയുധവും ഒരുക്കിയ ചെറുകിട പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ മാത്രം ഒതുങ്ങി നിൽക്കുന്ന അവസ്ഥയിലാണ് മുംബൈ പൊലീസ്.

രാഷ്ട്രീയ വിവാദം

ടൈഗർ ഷ്റോഫ് കേസ് രാഷ്ട്രീയ ശ്രദ്ധയും ആകർഷിച്ചിട്ടുണ്ട്. ഇതിൽ ഉൾപ്പെട്ടവരെ വെറുതെ വിടില്ലെന്ന് ബിജെപി-ശിവസേന-എൻസിപി സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ലോറൻസ് ബിഷ്ണോയിക്ക് നൽകിയ ബിഎൻഎസ്എസ് സംരക്ഷണം പിൻവലിക്കണമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ഹർഷവർധൻ സപ്കൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു ചോദ്യം ബാക്കിയാണ്-പൊതുസമാധാനത്തിന്‍റെ പേരിൽ തുടങ്ങിയ ഈ 'സംരക്ഷണം', യഥാർഥത്തിൽ ആരെയാണ് സംരക്ഷിക്കുന്നത്?

logo
Metro Vaartha
www.metrovaartha.com