

പാക്കിസ്ഥാനിലെ ഭീകരനുമായി ബന്ധം; കർണാടകത്തിൽ 24കാരൻ അറസ്റ്റിൽ
ബീദർ: പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധം പുലർത്തിയെന്നാരോപിച്ച് കർണാടകത്തിൽ നിന്ന് യുവാവിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു. ബീദർ ജില്ലയിലെ ഭാൽക്കി താലൂക്കിലെ യെൻകൂർ ഗ്രാമസ്വദേശിയായ വിശാൽ കുമാർ മെട്രെ (24)യെയാണ് അറസ്റ്റ് ചെയ്തത്.
പാക്കിസ്ഥാനിലെ ഭീകരരായ ഭട്ടി, റാണ ഹുനൈൻ, നോമി ഖാൻ എന്നിവരുമായി വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം വഴി ഇയാൾ ബന്ധം പുലർത്തിയിരുന്നതായും തോക്കുകളെക്കുറിച്ച് ചർച്ച ചെയ്തതായും പൊലീസ് പറഞ്ഞു. അനധികൃത ആയുധക്കടത്തിൽ ഏർപ്പെട്ടിരുന്നവരുമായും ഇയാൾക്ക് ബന്ധമുണ്ടായിരുന്നു.
ചോദ്യം ചെയ്യലിൽ ഭീകര സംഘടനകളുമായോ അനധികൃത ആയുധ ശൃംഖലകളുമായോ ബന്ധമുണ്ടെന്ന ആരോപണം യുവാവ് ആദ്യം നിഷേധിച്ചു. ഫോൺ കൈമാറാനും ഇയാൾ വിസമ്മതിച്ചെങ്കിലും പിന്നീട് കൈമാറി. ഫോൺ പരിശോധിച്ചപ്പോഴാണ് ഇയാൾ പാക്കിസ്ഥാനിലെ ഭീകരരുമായി ബന്ധപ്പെട്ടതിന്‍റെ വിവരങ്ങൾ ലഭിച്ചത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഖടക് ചിഞ്ചോളി പൊലീസ് കേസെടുത്തു.