ലോട്ടറിയുടെ മറവിൽ ഒറ്റനമ്പർ ചൂതാട്ടം; പാലായിൽ 2പേർ അറസ്റ്റിൽ

ലോട്ടറിയുടെ മറവിൽ ഒറ്റനമ്പർ ചൂതാട്ടം; പാലായിൽ 2പേർ അറസ്റ്റിൽ

പാലാ ടി.ബി റോഡിൽ പ്രവർത്തിക്കുന്ന കാരുണ്യ ലക്കി സെന്റർ എന്ന സ്ഥാപനത്തിലായിരുന്നു ലോട്ടറിയുടെ മറവിൽ ചൂതാട്ടം നടത്തിവന്നിരുന്നത്.

കോട്ടയം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ മറവിൽ ഒറ്റനമ്പർ ചൂതാട്ടം നടത്തിവന്ന ലോട്ടറി ഏജൻസി ഉടമയേയും വിൽപ്പനക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ലക്കി സെന്റർ ഉടമ പാലാ കവിക്കുന്ന് ഭാഗത്ത്  മുരിങ്ങോട്ട് വീട്ടിൽ പാപ്പച്ചൻ എന്ന് വിളിക്കുന്ന മാത്യു (58), വിൽപ്പനക്കാരനായ അരുണാപുരം വലിയമനത്താനത്ത് വീട്ടിൽ വിനയചന്ദ്രൻ (54) എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. 

പാലാ ടി.ബി റോഡിൽ പ്രവർത്തിക്കുന്ന കാരുണ്യ ലക്കി സെന്റർ എന്ന സ്ഥാപനത്തിലായിരുന്നു ലോട്ടറിയുടെ മറവിൽ ചൂതാട്ടം നടത്തിവന്നിരുന്നത്. കോട്ടയം ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാവുന്നത്. ദിവസേന നറുക്കെടുക്കുന്ന കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം അടിക്കുന്ന നമ്പറിന്റെ അവസാനത്തെ അക്കത്തിന്റെ മറവിലാണ് ചൂതാട്ടം നടന്നിരുന്നത്. ആവശ്യപ്പെടുന്ന ഒറ്റ നമ്പറിന് 60 രൂപ നിരക്കിലാണ് ഏജൻസി ഉടമ വിൽപ്പന നടത്തിവന്നിരുന്നത്. ഒന്നാം സമ്മാനം അടിക്കുന്ന ടിക്കറ്റ് അവസാന നമ്പർ ശരിയായി വരുന്നവർക്ക് ഒരു നമ്പറിന് 500 രൂപ വീതമാണ് സമ്മാനമായി നൽകിയിരുന്നത്. സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ നറുക്കെടുപ്പ് കഴിഞ്ഞ ലോട്ടറിയുടെ നമ്പർ അടയാളപ്പെടുത്തിയ ടിക്കറ്റുകൾ പിടിച്ചെടുത്തു. കൂടാതെ ഇടപാടുകാരെ തിരിച്ചറിയുന്നതിന് നൽകുന്ന പ്രത്യേകം സീരിയൽ നമ്പർ പതിപ്പിച്ച കാർഡുകളും പിടിച്ചെടുത്തു. 

പാലാ  സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ എം.ഡി അഭിലാഷ്, ഷാജി കുര്യാക്കോസ്, എ.എസ്.ഐ ബിജു കെ. തോമസ് , സി.പി.ഓ മാരായ  രഞ്ജിത്ത്, ശ്യാം എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ ലോട്ടറി നിയമവും, ഗെയിമിങ് ആക്റ്റും, ക്രിമിനൽ വകുപ്പുകളും ചേർത്ത് കേസെടുത്തതായി പൊലീസ് പറഞ്ഞു. ഇവരെ  കോടതിയിൽ ഹാജരാക്കി.

Related Stories

No stories found.
logo
Metrovaartha
www.metrovaartha.com