'ദൈവം എന്നെ ഇങ്ങനെയാണ് സൃഷ്ടിച്ചത്', ഇൻഫ്ളുവൻസർ മാഡ് സന്ധുവിനെ വെടിവച്ചു കൊന്നു

എൽജിബിടിക്യു ഇൻഫ്ളുവൻസർ മാഡ് സന്ധുവിനെ അമൃത്സറിൽ വെടിവച്ചു കൊന്നു; ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഉത്തരവാദിത്വം ഏറ്റെടുത്തു, കമൽ കൗർ ഭാഭി കേസിന് സമാനം
Mad Sandhu Amritsar Murder LGBTQ Influencer

മാഡ് സന്ധു

Updated on: 

അമൃത്സർ: പഞ്ചാബി ഇൻഫ്ളുവൻസറും മേക്കപ്പ് ആർട്ടിസ്റ്റും എൽജിബിടിക്യു ആക്റ്റിവിസ്റ്റുമായ മാഡ് സന്ധുവിനെ ബൈക്കിലെത്തിയ രണ്ടു പേർ വെടിവച്ചു കൊന്നു. പഞ്ചാബിലെ അമൃത്സറിലാണ് സംഭവം. വെടിയേറ്റ് രക്തത്തിൽ കുളിച്ച നിലയിലാണ് സന്ധുവിനെ റോഡിൽ കണ്ടെത്തിയത്. ആശുപ്രതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം.

'ഗോൾഡി ധില്ലൻ' എന്ന പേരിലുള്ള ഒരു ഫെയ്സ്ബുക്ക് അക്കൗണ്ടിൽനിന്ന് സംഭവത്തിനു പിന്നാലെ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടു—കൊലപാതകത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടായിരുന്നു ആ പോസ്റ്റ്. പഞ്ചാബിനെ 'നശിപ്പിച്ചു' എന്നായിരുന്നു സന്ധുവിനെതിരേ അതിലുള്ള ആരോപണം.

'വൈകുന്നേരം ആറു മണിയോടെ അജ്ഞാതരായ രണ്ടു പേർ അദ്ദേഹത്തിനു നേരേ വെടിയുതിർത്തു,' അഡീഷനൽ ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പൊലീസ് ശിരിവെന്നെല പറഞ്ഞു. ഉത്തരവാദിത്വം ഏറ്റെടുത്ത പോസ്റ്റ് അന്വേഷണത്തിന്‍റെ ഭാഗമായി പരിശോധിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഒരു വർഷം മുൻപ് ഭട്ടിൻഡയിൽ, 'കമൽ കൗർ ഭാഭി' എന്നറിയപ്പെട്ടിരുന്ന സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ കൊല്ലപ്പെട്ട സമാനമായ ഒരു സംഭവത്തിനു പിന്നാലെയാണ് ഈ കൊലപാതകം. അന്ന്, അവർ പോസ്റ്റ് ചെയ്ത വിഡിയൊകൾ 'അശ്ലീലം' ആണെന്ന് ആരോപിച്ച്, ഒരു തീവ്ര സിഖ് സംഘടന കൊലപാതകത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.

മാഡ് സന്ധുവിന്‍റെ പൂർണ നാമം മധുസൂദൻ എന്നായിരുന്നു. മേക്കപ്പ്, സിനിമാ വ്യവസായം, ജെൻഡർ വിഷയങ്ങൾ എന്നിവയെക്കുറിച്ച് പറയാൻ നിരവധി പോഡ്കാസ്റ്റുകളിൽ അതിഥിയായി പ്രത്യക്ഷപ്പെട്ടിരുന്ന അദ്ദേഹം, സോഷ്യൽ മീഡിയയിൽ തുടർച്ചയായി ഹോമോഫോബിക് ട്രോളിങ് നേരിട്ടിരുന്നു. 'ദൈവം എന്നെ ഇങ്ങനെയാണ് സൃഷ്ടിച്ചത്' എന്നു പറഞ്ഞ് തിരിച്ചടിക്കുക പതിവായിരുന്ന അദ്ദേഹം, താൻ സ്വവർഗാനുരാഗിയാണെന്ന കാര്യം മറച്ചുവച്ചിരുന്നില്ല.

കുടുംബത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും, പഞ്ചാബിലെയും മുംബൈയിലെയും സിനിമകളിൽ സ്റ്റൈലിസ്റ്റായും അസിസ്റ്റന്‍റ് കോസ്റ്റ്യൂം ഡിസൈനറായുമാണ് സന്ധു തന്‍റെ കരിയർ ആരംഭിച്ചത്.

ഇൻസ്റ്റഗ്രാം റീലുകളിലൂടെയും വൈറൽ വിഡിയൊകളിലൂടെയും വൻ ജനപ്രീതി നേടിയ അദ്ദേഹം, ആഡംബര ലുക്ക് ടിപ്പുകളും ലൈഫ്സ്റ്റൈൽ കണ്ടന്‍റും, സാമൂഹിക മാനദണ്ഡങ്ങളെക്കുറിച്ചും എൽജിബിടിക്യു+ അംഗീകാരത്തെക്കുറിച്ചും പോപ് സംസ്കാരത്തെക്കുറിച്ചുമുള്ള തുറന്ന അഭിപ്രായങ്ങളും പങ്കുവച്ചിരുന്നു. 'ഓയ് ഭോലെ ഓയ്' സീരീസ് ഉൾപ്പെടെ ചില പഞ്ചാബി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.

logo
Metro Vaartha
www.metrovaartha.com