

പരുക്കേറ്റ യുവതി
ഭോപ്പാൽ: അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് ഭർത്താവ് ഭാര്യയുടെ മൂക്ക് മുറിച്ചു. മധ്യപ്രദേശിലെ ജാബുവ ജില്ലയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ ഭർത്താവ് രാകേഷ് ബിൽവാളിനെ (23) പൊലീസ് അറസ്റ്റു ചെയ്തു.
പരുക്കേറ്റ 22 കാരി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് പറയുന്നതനുസരിച്ച് യുവതിയും ഭർത്താവും തമ്മിൽ ഇടയ്ക്കിടയ്ക്ക് പ്രശ്നങ്ങൾ ഉണ്ടാവാറുണ്ടായിരുന്നു. ഭാര്യയുടെ സ്വഭാവത്തിൽ രാകേഷ് ബിൽവാളിന് സംശയമുണ്ടായിരുന്നു.
ഇരുവരും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജോലിയുടെ ആവശ്യത്തിനായി ഗുജറാത്തിൽ പോയിരുന്നു. ഇവിടെ വച്ച് കണ്ടുമുട്ടിയ ഒരു യുവാവുമായി യുവതി സംസാരിക്കുമായിരുന്നു. ഇതിൽ ഭർത്താവ് അസ്വസ്ഥനായിരുന്നു. ഗുജറാത്തിൽ നിന്ന് തിരികെ വരും വഴി യുവതി ഭർത്താവിനോട് വിവാഹ മോചനം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയിട്ട് സംസാരിക്കാമെന്നറിയിച്ച രാകേഷ്, വീട്ടിലെത്തിയതിനു പിന്നാലെ ഭാര്യയെ വടികൊണ്ട് അടിക്കുകയും ബ്ലേഡു കൊണ്ട് മൂക്ക് മുറിക്കുകയുമായിരുന്നു. ശേഷം ഇയാൾ തന്നെ ഭാര്യയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.