
ഗ്വാളിയർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ജിന്നിന്‍റെ സഹായത്തോടെ പഴയ നോട്ടുകള്‍ പുതിയതാക്കാമെന്ന സ്വയം പ്രഖ്യാപിത മന്ത്രവാദിയുടെ വാക്കുകള്‍ വിശ്വസിച്ച് 47 ലക്ഷത്തിന്‍റെ നിരോധിത നോട്ടുകളുമായി ഒരാള്‍ പിടിയില്‍. സുല്‍ത്താന്‍ കരോസിയ എന്നയാളാണ് പഴയ 500, 1000 രൂപയുടെ നോട്ടുകളുമായി പിടിയിലാവുന്നത്.
ദസറ ദിനത്തിൽ ജിന്നിനെ വിളിക്കാമെന്നും, പഴയ നോട്ടുകളുടെ കെട്ടുകൾ പുതിയതാക്കാമെന്നും മന്ത്രവാദി പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. തുടർന്ന് ഇയാൾ മന്ത്രവാദിയെ കാണാന്‍ ഇറങ്ങി. എന്നാൽ രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നുള്ള പൊലീസിന്‍റെ പരിശോധനയിൽ ഇയാൾ കുടുങ്ങുകയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ഗ്രാമങ്ങളില്‍ വിതരണം ചെയ്യാന്‍ ഉദ്ദേശിച്ചുള്ള നോട്ടുകളാണെന്നാണ് പൊലീസ് ആദ്യം കരുതിയത്. പിന്നീട് ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ കഥകൾ വെളിപ്പെടുത്തുന്നത്.
മൊറേന ജില്ലയിലെ ബറോഖർ സ്വദേശിയായ സുൽത്താൻ കരോസിയക്ക് നോട്ട് അസാധുവാക്കൽ നയം നടപ്പാക്കുന്നതിന് 7 മാസം മുമ്പ് യാദൃച്ഛികമായി മാലിന്യക്കൂമ്പാരത്തില്‍ നിന്നാണ് നോട്ടുകെട്ടുകള്‍ ലഭിച്ചത്. പണം ഇത്രക്കാലവും ആരോടും വെളിപ്പെടുത്താതെ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. 1000 ത്തിന്‍റെ 41 കെട്ടുകളും 500 ന്‍റെ 12 കെട്ടുകളുമായാണ് ഇയാൾ പിടിയിലാവുന്നതെന്ന് പൊലീസ് അറിയിച്ചു.
ഇയാളെയും കൂട്ടാളിയായ ജിതേന്ദ്ര ബദൗരിയയെയും പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രവാദിക്കായുള്ള തിരച്ചിൽ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു. അസാധുവാക്കിയ നോട്ടുകൾ ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തതായും തിരഞ്ഞെടുപ്പ് കമ്മീഷനെ വിവരമറിയിച്ചതായി പൊലീസ് കൂട്ടിച്ചെർത്തു.