
സൂരജ് | ബിന്‍സി
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നഴ്സുമാരായ മലയാളി ദമ്പതിമാർ കുത്തേറ്റ് മരിച്ചനിലയില്‍. കണ്ണൂർ സ്വദേശി സൂരജ്, പെരുമ്പാവൂർ കീഴില്ലം സ്വദേശിയായ ഭാര്യ ബിന്‍സി എന്നിവരാണ് മരിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ കീഴിലുള്ള ജാബിര്‍ ആശുപത്രിയിലെ നഴ്‌സായിരുന്നു സൂരജ്. ഡിഫന്‍സിൽ നഴ്‌സായിരുന്നു ബിൻസി.
വ്യാഴാഴ്ച രാവിലെയോടെയാണ് അബ്ബാസിയയിലെ താമസസ്ഥലത്ത് ഇരുവരെയും കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തുന്നത്. ഇരുവരും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെയാണ് ഫ്ലാറ്റിലെത്തിയതെന്നും, ഇരുവരും തമ്മിൽ തർക്കിക്കുന്നത് കേട്ടിരുന്നതായി സമീപത്ത് താമസിക്കുന്നവർ പറഞ്ഞതായി വിവരമുണ്ട്.
രാവിലെ കെട്ടിടം കാവൽക്കാരൻ വന്നു നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും കൈയില്‍ കത്തിയുണ്ടായിരുന്നതായും വഴക്കിനിടെ ദമ്പതിമാര്‍ പരസ്പരം കുത്തിയതാകാമെന്നുമാണ് പ്രാഥമിക നിഗമനം.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ഫൊറന്‍സിക് ഉദ്യോഗസ്ഥരും തുടര്‍നടപടികള്‍ സ്വീകരിച്ചു. ദമ്പതികളുടെ മക്കള്‍ നാട്ടിലാണ്.