
ചെന്നൈ: ചെന്നൈയിലെ മുത്താപ്പുതുപ്പെട്ടിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തി വൻ കവർച്ച. വിമുക്തഭടനും സിദ്ധ ഡോക്ടറുമായ ശിവൻ നായർ, ഭാര്യ പ്രസന്നകുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്. പത്തനംതിട്ട എരുമേലി സ്വദേശികളാണ് ഇവര്‍. ഇവരുടെ വീട്ടിൽ നിന്ന് നൂറുപവൻ സ്വർണം കവർന്നു. മുത്താപ്പുതുപ്പെട്ട് ഗാന്ധിനഗറിൽ വീടിനോട് ചേർന്ന് ശിവൻ നായർ ഒരു ക്ലിനിക് നടത്തുന്നുണ്ട്.
സംഭവത്തിൽ ഒരാൾ പൊലീസ് പിടിയിലായി. രാജസ്ഥാൻ സ്വദേശിയായ മാഗേഷ് എന്നയാളാണ് പിടിയിലായിരിക്കുന്നത്. ഇയാളുടെ മൊബൈല്‍ ഫോൺ സംഭവസ്ഥലത്ത് നഷ്ടപ്പെട്ടിരുന്നു. ഇത് പൊലീസിന്‍റെ കൈയില്‍ കിട്ടിയതോടെയാണ് പ്രതിയിലേക്കുള്ള വഴി തെളിഞ്ഞത്.
പ്രസന്നകുമാരി അധ്യാപികയാണ്. ഞായറാഴ്ച രാത്രിയിൽ രോഗികളെന്ന വ്യാജേന ഇവരുടെ വീട്ടിൽ പ്രവേശിച്ച ശേഷമാണ് മോഷ്ടാക്കൾ ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്കു മാറ്റി. കേസില്‍ ഇനിയും പ്രതികളുണ്ടെന്നാണ് പൊലീസ് നിഗമനം. ഒറ്റയ്ക്കൊരാള്‍ക്ക് ചെയ്യാവുന്ന കൃത്യമല്ല ഇതെന്നാണ് പൊലീസ് കണക്കാക്കുന്നത്. പിടിയിലായിരിക്കുന്ന മാഗേഷ് ചെന്നൈയിലെ ഹാര്‍ഡ്‍വെയര്‍ സ്ഥാപനത്തില്‍ ജീവനക്കാരനാണ്.
ഞായറാഴ്ച രാത്രി 8നും 9നും ഇടയിലാണ് സംഭവം നടന്നിരിക്കുന്നത്. ഇരുവരുടെയും മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്ത് നിന്ന് മക്കളെത്താനുണ്ട്. ഇതിന് ശേഷമായിരിക്കും മറ്റ് നടപടികള്‍.