ബോളിവുഡ് നടിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; ഡൽ‌ഹി സ്വദേശി അറസ്റ്റിൽ

ഡൽ‌ഹി സ്വദേശിയായ ആര‍്യൻ ദീപക് ജെയിനാണ് അറസ്റ്റിലായത്
Man arrested for circulating morphed images of actress Sonakshi Sinha on social media

സോനാക്ഷി സിൻഹ

Updated on: 

മുംബൈ: നടി സോനാക്ഷി സിൻഹയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ‍്യമങ്ങളിൽ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. ഡൽ‌ഹി സ്വദേശിയായ ആര‍്യൻ ദീപക് ജെയിനാണ് അറസ്റ്റിലായത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈയിലെ ബാന്ദ്ര പൊലീസിന്‍റെ നടപടി.

എന്നാൽ പ്രതിയെ അറസ്റ്റ് ചെയ്ത നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി മുന്ന് ദിവസത്തേക്ക് ഇയാളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പൊലീസിന്‍റെ ആവശ‍്യം മുംബൈ കോടതി തള്ളുക‍യും പ്രതിയെ വിട്ടയക്കാൻ ഉത്തരവിടുകയും ചെയ്തു. ഡൽഹിയിലെ ഷാഹ്ദാരയിലുള്ള ജഗത്പുരി പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് രാവിലെയാണ് ആര‍്യൻ ദീപക്കിനെ അറസ്റ്റ് ചെയ്തത്.

തുടർന്ന് വിമാനത്തിൽ മുംബൈയിലെത്തിക്കുകയായിരുന്നു. മോർഫ് ചെയ്യാൻ ഉപയോഗിച്ച ഇലക്‌ട്രോണിക് ഉപകരണം കണ്ടെത്താൻ വേണ്ടിയാണ് ബാന്ദ്ര പൊലീസ് ഇയാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ വേണമെന്ന് ആവശ‍്യപ്പെട്ടത്. എന്നാൽ ഡൽഹിയിൽ വച്ച് അടുത്തുള്ള മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാതെ ഇയാളെ മുംബൈയിലെത്തിച്ചത് എന്തിനാണെന്ന് കോടതി പൊലീസിനോട് ചോദിച്ചു.

പൊലീസ് ആവശ‍്യമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും വീഴ്ചയ്ക്ക് തക്കതായ വിശദീകരണം നൽകുന്നതിൽ പരാജയപ്പെട്ടുവെന്നും കോടതി പറഞ്ഞു. ആര‍്യൻ ദീപക്ക് കുറ്റകൃത‍്യം ചെയ്തിട്ടില്ലെന്നാണ് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍റെ വാദം. നടിയുടെ പരാതിയിൽ കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്.