
കാമുകിയെ വിവാഹം ചെയ്യാൻ ടിടിഇയായി വേഷം മാറി; യാത്രക്കാരെ കബളിപ്പിച്ച മധ‍്യപ്രദേശ് സ്വദേശി അറസ്റ്റിൽ
ഭോപ്പാൽ: റെയിൽവേയിൽ ടിടിഇ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാൾ അറസ്റ്റിൽ. മധ‍്യപ്രദേശ് സ്വദേശി ആദർശ് ജയ്സ്വാളാണ് കുടുങ്ങിയത്. വാരാണസി റെയിൽവേ പൊലീസാണ് ഇയാളെ പിടികൂടിയത്. ഈസ്റ്റ് സെന്‍ട്രൽ റെയിൽവേയുടെ വ‍്യാജ തിരിച്ചറിയൽ കാർഡ്, ടിടിഇമാരുടെ വസ്ത്രം തുടങ്ങിയവ ആദർശിൽ നിന്നു പിടിച്ചെടുത്തു. സ്വന്തം ഗ്രാമത്തിലുള്ള ഇന്‍റർനെറ്റ് കഫേയിൽ നിന്നാണ് ഇയാൾ വ‍്യാജ ഐഡി കാർഡ് നിർമിച്ചത്.
കാമുകിയെ വിവാഹം കഴിക്കാൻ വേണ്ടിയാണ് ടിടിഇയായി വേഷം മാറിയതെന്നാണ് ആദർശ് പൊലീസിന് നൽകിയ മൊഴി. കാമുകിയെ വിവാഹം ചെയ്യാൻ ജോലി വേണമെന്ന് വീട്ടുകാർ ആവശ‍്യപ്പെട്ടതോടെയാണ് ബിടെക് ബിരുദധാരിയും തൊഴിൽരഹിതനുമായ താൻ ടിടിഇയായി വേഷം മാറിയതെന്ന് ഇയാൾ പറയുന്നു. യാത്രക്കാർക്ക് വ‍്യാജ ടിക്കറ്റുകൾ നൽകി തട്ടിപ്പ് നടത്തിയതായും വ്യക്തമായിട്ടുണ്ട്.
പിടിച്ചെടുത്ത ഐഡി കാർഡ്
വാരാണസിയിൽ നിന്നു ലക്സറിലേക്കുള്ള ജനത എക്സ്പ്രസിൽ യാത്ര ചെയ്യവേ, യാത്രക്കാരിയായ ജ‍്യോതി കിരണിന് ആദർശ് താൻ സ്വന്തമായി നിർമിച്ച ടിക്കറ്റുകൾ നൽകി. ടിക്കറ്റിൽ കോച്ച് നമ്പർ ബി 3 എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. യാത്രക്കാരി സ്റ്റേഷനിലെത്തിയപ്പോഴാണ് ഇങ്ങനെയൊരു കോച്ച് ഇല്ലെന്ന് തിരിച്ചറിയുന്നത്.
പിന്നീട് ഇവർ പൊലീസിനെ സമീപിച്ചതിനെത്തുടർന്ന് വാരാണസി റെയിൽവേ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.