കോട്ടയം: വൈക്കത്ത് പുനലൂർ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ 48 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വൈക്കം തലയാഴം തോട്ടകം ഭാഗത്ത് പുത്തൻതറ വീട്ടിൽ സജീവൻ(48) എന്നയാളെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ബുധനാഴ്ച രാവിലെ 9 മണിയോടെ വൈക്കം ലിങ്ക് റോഡിന് സമീപമുള്ള ഷാപ്പിന് മുൻവശം വച്ച് പുനലൂർ സ്വദേശിയായ ബിജു ജോർജ് എന്നയാളെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇവർ തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു. തുടർന്ന് ഇവർ രാവിലെ ഷാപ്പിൽ വച്ച് കാണുകയും വാക്ക് തർക്കം ഉണ്ടാവുകയും സജീവൻ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് ബിജു ജോർജിനെ കുത്തുകയും തുടർന്ന് ഇയാൾ മരണപ്പെടുകയുമായിരുന്നു.
വൈക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.എച്ച്. ഓ കെ.ആർ ബിജു, എസ്.ഐ അജ്മൽ ഹുസൈൻ, ബി. സിജി, പി.ബാബു, സി.പി.ഓ മാരായ സുധീപ്, ഷിബു, അജേന്ദ്രൻ തുടങ്ങിയവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.