
ന്യൂഡൽഹി: നജഫ്‌ഗഡിലെ ധാബയിലെ ഫ്രിഡ്ജിൽ നിന്ന് 25 കാരിയായ നിക്കി യാദവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഹിൽ സ്റ്റേഷനിൽ പോകാമെന്ന് പറഞ്ഞാണ് നിക്കി യാദവിനെ കാമുകനായ സഹിൽ വീടിന് പുറത്തേക്ക് കൊണ്ടുപോയത്. ശേഷം കാറിൽ വച്ച് ഡാറ്റാ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു.
മറ്റൊരു യുവതിയുമായി സഹലിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞ അതേ ദിവസമാണ് കൊല നടക്കുന്നത്. പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ധാബയിലെ ഫ്രിഡ്ജിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു. സംഭവത്തിൽ 26 കാരനായ ധാബ ഉടമ സഹിൽ ഗെലോട്ടിനെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരികയാണ്. ഫെബ്രുവരി 9ന് മറ്റൊരു സ്ത്രീയുമായി സഹലിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്നും പിറ്റേന്ന് വിവാഹിതനാവുകയാണെന്നും നിക്കി അറിഞ്ഞിരുന്നു. ഇതേത്തുടർന്നുണ്ടായ വാക്കുതർക്കമാണ് പിന്നീട് കൊലപാതകത്തിലേക്ക് നയിക്കുന്നത്. മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചാൽ തന്നെ കേസിൽ കുടുക്കുമെന്ന് നിക്കി പറഞ്ഞിരുന്നതായു സഹൽ പൊലീസിനോട് പറഞ്ഞു.
നിക്കിയെ കാണാതായി ആദ്യം പരാതി ഒന്നും ലഭിച്ചിരുന്നില്ല. എന്നാൽ ഇന്നലെ വാലന്‍റൈസ് ദിനത്തിൽ നജഫ്ഗഡിലെ മിത്രോൺ ഗ്രാമത്തിലെ ഒരു ധാബയിലെ ഫ്രിഡ്ജിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. നിക്കിയുടെ മൊബൈൽ ഫോണും ഇയാളുടെ പക്കൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ കൊലപാതകത്തിന് ശേഷം നേരത്തേ പറഞ്ഞുറപ്പിച്ചത് പോലെ സഹിൽ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു.
നിലവിൽ ഇയാളെ പൊലീസ് 5 ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയിരിക്കുകയാണ്. ഒരേ ബസിൽ യാത്ര ചെയ്തിരുന്ന ഇവർ സുഹൃത്തുകളായി മാറുകയും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ലോക്ക്ഡൗൺ അവസാനിച്ചതിന് ശേഷം ദ്വാരകയ്ക്ക് സമീപമുള്ള വീട്ടിലാണ് ഇരുവരും ഒന്നിച്ച് താമസം തുടങ്ങുകയായിരുന്നു.