
ടെമ്പോയിലെ മുൻസീറ്റിനെച്ചൊല്ലിയുള്ള തർക്കം; CISF ഉദ്യോഗസ്ഥനായിരുന്ന അച്ഛനെ മകൻ വെടിവച്ചു കൊന്നു
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ കുടുംബവീട്ടിലേക്ക് താമസം മാറുന്നതിനിടെ, വാടകയ്‌ക്കെടുത്ത ടെമ്പോയിലെ മുൻസീറ്റിനെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് യുവാവ് സ്വന്തം അച്ഛനെ വെടിവച്ചു കൊന്നു. പ്രതി ദീപക്കിനെ (26) പൊലീസ് സംഭവസ്ഥലത്തുനിന്നു തന്നെ അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്കും 11 വെടിയുണ്ടകളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
വടക്കൻ ഡൽഹിയിലെ തിമർപൂർ മേഖലയിൽ വ്യാഴാഴ്ച (June 26) വൈകുന്നേരം 7:30 ഓടെയായിരുന്നു സംഭവം. വെടിയൊച്ച കേട്ട് പട്രോളിങ് നടത്തിയിരുന്ന ഉദ്യോഗസ്ഥർ ഓടിയെത്തുകയായിരുന്നു.
"സ്ഥലത്തെത്തിയപ്പോൾ നടപ്പാതയിൽ ചോരയിൽ കുളിച്ചു കിടക്കുന്ന ഒരാളെയും പ്രതിയിൽനിന്ന് തോക്ക് പിടിച്ചുവാങ്ങാൻ ശ്രമിക്കുന്ന നാട്ടുകാരെയും കണ്ടു. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൽ (CISF) നിന്നും വിരമിച്ച സബ് ഇൻസ്‌പെക്ടർ സുരേന്ദ്ര സിങ് (60) ആണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു.സുരേന്ദ്ര സിങ്ങിന്‍റെ ഇടതുകവിളിലാണ് മകന്‍റെ വെടിയേറ്റത്. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. "- ഉദ്യോഗസ്ഥർ പറഞ്ഞു.
6 മാസം മുമ്പ് സിഐഎസ്എഫിൽ നിന്ന് വിരമിച്ച സുരേന്ദ്ര സിംഗ് കുടുംബസമേതം ഉത്തരാഖണ്ഡിലെ സ്വന്തം ഗ്രാമത്തിലേക്ക് താമസം മാറാൻ ഒരുങ്ങുകയായിരുന്നു. ഒരു ടെമ്പോ വാടകയ്‌ക്കെടുത്ത് സാധനങ്ങൾ കയറ്റിക്കൊണ്ടിരുന്നപ്പോഴാണ് മുൻ സീറ്റിൽ ആര് ഇരിക്കണമെന്ന് സംബന്ധിച്ച് സുരേന്ദ്രയും ദീപക്കും തമ്മിൽ തർക്കമുണ്ടായത്.
സാധനങ്ങൾ നിറച്ചതിനാൽ മുൻ സീറ്റിൽ ഇരിക്കണമെന്ന് സുരേന്ദ്ര നിർബന്ധം പിടിച്ചപ്പോൾ ദീപക് പ്രകോപിതനാവുകയും അച്ഛന്‍റെ തോക്കെടുത്ത് അദ്ദേഹത്തെ വെടിവയ്ക്കുയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.