അങ്കമാലിയിൽ വൻ ലഹരി വേട്ട: 200 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

പിടിയ്ക്കപ്പെടാതിരിക്കാൻ ബാഗിലെ പ്രത്യേക അറയിലാണ് സൂക്ഷിച്ചിരുന്നത്
വിപിൻ ജോൺ (27)
വിപിൻ ജോൺ (27)

കൊച്ചി: അങ്കമാലിയിൽ വൻ രാസലഹരി വേട്ട . 200 ഗ്രാം എംഡിഎംഎ യുമായി യുവാവ് പൊലീസ് പിടിയിൽ. തോപ്പുംപടിയിൽ താമസിക്കുന്ന കരുനാഗപ്പിള്ളി എബനേസർ വില്ലയിൽ വിപിൻ ജോൺ (27) നെയാണ് റൂറൽ ജില്ലാ ഡാൻ സാഫ് ടീമും അങ്കമാലി പൊലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ബാംഗ്ലൂരിൽ നിന്നുള്ള ടൂറിസ്റ്റ് ബസിലാണ് വിപിൻ യാത്ര ചെയ്തത്. വെള്ളിയാഴ്ച പുലർച്ചെ 2 മണിയോടെ അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തുള്ള റോഡിലായിരുന്നു പരിശോധന. ബാംഗ്ലൂരിൽ നൈജീരിയക്കാരിൽ നിന്നും നേരിട്ടാണ് രാസലഹരി വാങ്ങിയതെന്ന് ഇയാൾ പറഞ്ഞു. പിടികൂടിയ എം.ഡി.എം.എയ്ക്ക് 15 ലക്ഷത്തിലേറെ വില വരും. ചെറിയ പായ്ക്കറ്റുകളിലാക്കി വൻ തുകയ്ക്ക് കൊച്ചിയിലാണ് വിൽപ്പന നടത്തുന്നത്. യുവാക്കളാണ് പ്രധാന ആവശ്യക്കാർ. മയക്കുമരുന്നു കണ്ണിയിലെ പ്രധാന കണ്ണിയാണ് ഇയാൾ. ഇതിനു മുമ്പും ഇത്തരത്തിൽ രാസലഹരി കടത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭ്യമാകുന്ന വിവരം. വ്യത്യസ്ത രീതിയിലാണ് വിപിൻ മയക്കുമരുന്ന് കൊണ്ടുവരുന്നത്. ഇക്കുറി 3 പായ്ക്കറ്റിൽ പൊതിഞ്ഞ് പിടിയ്ക്കപ്പെടാതിരിക്കാൻ ബാഗിലെ പ്രത്യേക അറയിലാണ് സൂക്ഷിച്ചിരുന്നത്. പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

മയക്ക്മരുന്ന് പിടികൂടിയ ടീമിന് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന പതിനായിരം രൂപ ക്യാഷ് അവാർഡ് പ്രഖ്യാപിച്ചു. മയക്കുമരുന്ന് വിൽപനയും ഉപയോഗവുമായി ബന്ധപ്പെട്ട് ഏപ്രിലിൽ റൂറൽ ജില്ലയിൽ 300 ഓളം കേസുകളാണ് രജിസ്റ്റർ ചെയ്തത്. മയക്കുമരുന്ന് പിടികൂടുന്നതിന് പ്രത്യേക ടീമുമുണ്ട്. ഡാൻസാഫ് ടീമിനെ കൂടാതെ എ എസ് പി ട്രെയ്നി അഞ്ജലി ഭാവന, ഡി വൈ എസ് പി വി. അനിൽ, ഇൻസ്പെക്ടർമാരായ പി. ലാൽ കുമാർ, രഞ്ജിത്ത് വിശ്വനാഥൻ എസ്.ഐമാരായ കുഞ്ഞുമോൻ തോമസ് എം.എസ് സിജീഷ്, എ.എസ്.ഐമാരായ പ്രദീപ് കുമാർ , സജീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com