
കൊടകരയിൽ വൻ സ്പിരിറ്റ് വേട്ട; മിനി ലോറിയെ പിന്തുടർന്ന് പിടി കൂടിയത് വൻ സ്പിരിറ്റ് ശേഖരം
ചാലക്കുടി: കൊടകര പൊലീസ് സ്റ്റേഷൻ പരിധിയിൽ ദേശീയപാതയിലൂടെ മിനി ലോറിയിൽ കടത്തിക്കൊണ്ടു പോവുകയായിരുന്ന അനധികൃത സ്പിരിറ്റ് ശേഖരവുമായി യുവാവ് പിടിയിലായി. ആലപ്പുഴ കൈനകരി മാറാന്തര വീട്ടിൽ സുരാജ് (33) നെയാണ് ചാലക്കുടി ഡിവൈഎസ്പി പി.സി. ബിജു കുമാറും സംഘവും ചേർന്ന് പിടികൂടിയത്.
ഓണത്തോടനുബന്ധിച്ച് വ്യാജമദ്യ ഉൽപാദനവും വിതരണവും ഉണ്ടാകുവാൻ ഇടയുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ ഐപിഎസിന്‍റെ നിർദേശപ്രകാരം റേഞ്ച് തലത്തിൽ നടത്തപ്പെടുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി തൃശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസിന്‍റെ മേൽനോട്ടത്തിലാണ് പൊലീസ് ദേശീയപാതയിൽ വാഹന പരിശോധന നടത്തിയത്. അതിവേഗതയിൽ വന്നിരുന്ന ഒരു വാഹനത്തെക്കുറിച്ച് അറിവ് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പേരാമ്പ്ര അടിപ്പാതയോട് ചേർന്ന് ചേർന്ന് നടത്തിയ വാഹന ചെക്കിനിടയാണ് മിനി ലോറിയിൽ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ സ്പിരിറ്റ് ശേഖരം കണ്ടെടുത്തത്. പിടികൂടിയ ഡ്രൈവറെ ചോദ്യം ചെയ്തതിൽ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്ന് അറിവ് ലഭിച്ചു.
സ്പിരിറ്റിന്‍റെ ഉറവിടത്തെ സംബന്ധിച്ചും വിൽപനയിടങ്ങളെ കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഓണത്തിന് മുന്നോടിയായി ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വനമേഖലകൾ കേന്ദ്രീകരിച്ചും, പുഴയോരങ്ങൾക്കരികിലും വ്യാജവാറ്റിനെതിരെയുള്ള റെയ്ഡുകൾ നടന്നു വരികയാണ്.
പ്രതിയെ അറസ്റ്റ് ചെയ്യുവാനും അന്വേഷണ സംഘത്തിലും കൊടകര സിഐ . പി കെ ദാസ്, സബ് ഇൻസ്പെക്ടർ ഡെന്നി സി.ഡി, ജില്ലാ ഡാൻസാഫ് അംഗങ്ങളായ പ്രദീപ് സി.ആർ., ജയകൃഷ്ണൻ പി.പി., സതീശൻ മടപ്പാട്ടിൽ , ഷൈൻ ടി.ആർ., മൂസ പി.എം., സിൽജോ വി.യു., ജുഇയ്യാനി , റെജി എ.യു., ബിനു എം.ജെ. ഷിജോ തോമസ്. ബിജു സി.കെ. സോണി സേവ്യർ, ഷിന്‍റോ, ശീജിത്ത് ഇ.എ.നിഷാന്ത് എ.ബി. സുർജിത്ത്സാഗർ, കൊടകര പൊസ് സ്റ്റേഷനിലെ എഎസ്ഐമാരായ ഷീബ അശോകൻ, ഗോകുലൻ കെ.സി. ഷിജു എം.എസ്.എന്നിവരും ഉണ്ടായിരുന്നു.
സ്പിരിറ്റ് കണ്ടെത്തി പിടികൂടിയതിനാൽ ആസന്നമായേക്കാമായിരുന്ന വൻ വ്യാജമദ്യദുരന്തത്തിന് തടയിടാൻ പോലീസിനായി. സ്പിരിറ്റിന്റെ ഉറവിടം കണ്ടെത്തുവാനും മുഴുവനാളുകളെയും കണ്ടെത്തി പിടികൂടുവാനും വിശദമായ അന്വേഷണം നടത്തുന്നതിന് പ്രത്യേകാന്വേഷണ സംഘം രൂപീകരിക്കുമെന്ന് പോലീസ് അറിയിച്ചു.