കേരളത്തിലേക്കുള്ള കഞ്ചാവ് കടത്തിന്‍റെ മുഖ്യസൂത്രധാരൻ ബംഗാളിൽ അറസ്റ്റിൽ

ഈ വർഷം സെപ്റ്റംബർ 19ന് പാലക്കാട് ജങ്ഷൻ റെയ്ൽവേ സ്റ്റേഷനിൽ നിന്ന് 22 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒന്നാം പ്രതിയാണ് സമീൻ
Mastermind behind cannabis smuggling into Kerala arrested in Bengal

കേരളത്തിലേക്കുള്ള കഞ്ചാവ് കടത്തിന്‍റെ മുഖ്യസൂത്രധാരൻ ബംഗാളിൽ അറസ്റ്റിൽ

Updated on: 

തിരുവനന്തപുരം: കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിന്‍റെ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്നയാൾ പശ്ചിമ ബംഗാളിൽ അറസ്റ്റിലായി. ബംഗാളിലെ പൂർബ ബർധമാൻ സ്വദേശി സമീൻ ഷെയ്ഖ് (27) ആണ് അറസ്റ്റിലായത്.

ഈ വർഷം സെപ്റ്റംബർ 19ന് പാലക്കാട് ജങ്ഷൻ റെയ്ൽവേ സ്റ്റേഷനിൽ നിന്ന് 22 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒന്നാം പ്രതിയാണ് സമീൻ. ബംഗാളിൽ നിന്ന് ചെന്നൈ വഴി ട്രെയ്നിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെ അസിം ഷെയ്ഖ് (23), സാഹിദുൽ മല്ലിക് (28) എന്നിവരെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്. സംഘത്തിലെ മറ്റൊരു പ്രധാന കണ്ണിയായ മസൂദ് ഷെയ്ഖിനെ (28) കോഴിക്കോട് നിന്നും പിടികൂടിയിരുന്നു.

പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് സമീനാണ് സംഘത്തിന്‍റെ മുഖ്യസൂത്രധാരനെന്ന് വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. റെയ്ൽവേ സൂപ്രണ്ട് പി.ബി. കൃഷ്ണകുമാറിന്‍റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി മനോജ് പരിയാട്ടിന്‍റെ നേതൃത്വത്തിൽ ഇൻസ്പെക്റ്റർ എ. പ്രതാപ് അടങ്ങുന്ന പ്രത്യേക അന്വേഷണസംഘം ബംഗാളിലെത്തി നടത്തിയ രഹസ്യനിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

12 വർഷം മുൻപ് കെട്ടിടനിർമാണത്തൊഴിലാളിയായാണ് സമീൻ കേരളത്തിലെത്തിയത്. മാഹിയിലും തലശേരിയിലുമായിരുന്നു താമസം. പിന്നീട് ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ട്രെയ്ൻ മാർഗം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് കടത്തുന്ന വിപുലമായ ശൃംഖല ഇയാൾ കെട്ടിപ്പടുത്തതായാണ് പൊലീസിന്‍റെ കണ്ടെത്തൽ. പാലക്കാട്, തിരൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും കഞ്ചാവ് എത്തിച്ചിരുന്നത്. മലപ്പുറം ജില്ലയിലെ വാഴക്കാട് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരേ നേരത്തെയും എൻഡിപിഎസ് നിയമപ്രകാരം കേസുണ്ടെന്ന് പൊലീസ് അറിയിച്ചു.

നിയമനടപടികൾ പൂർത്തിയാക്കിയശേഷം പ്രതിയെ കേരളത്തിലെത്തിച്ച് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.