
കൊച്ചി: വീട്ടമ്മയുടെ മാല പൊട്ടിച്ച എംബിഎക്കാരനെ ചേരാനല്ലൂർ പൊലീസ് പിടികൂടി. ഏലൂർ, മഞ്ഞുമ്മൽ പുറഞ്ചൽ റോഡ്, മേട്ടേക്കാട്ട് വീട്ടിൽ സോബിൻ സോളമനെയാണ് പൊലീസ് പിടികൂടിയത്.
ഇന്നലെ മൂന്ന് മണിയോയോടെയാണ് ചേരാനല്ലൂർ കാർത്ത്യായനി ദേവി ക്ഷേത്രത്തിൻ്റെ സമീപത്തെ ചെറിയ ഇടവഴിയിലൂടെ വീട്ടമ്മ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ സോബിന്‍ ബൈക്കിൽ പിന്തുടര്‍ന്നെത്തി മൂന്നര പവൻ തൂക്കം വരുന്ന സ്വർണമാല മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ചേരാനല്ലൂർ മാതിരപ്പിള്ളി സ്വദേശിനിയുടെ മാലയാണ് പ്രതി മോഷ്ടിച്ചത്.
ചേരാനല്ലൂർ പൊലീസ് സബ് ഇൻസ്‌പെക്ടർ തോമസിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഇന്നലെ രാത്രി പിടികൂടിയത്. പുതിയ കാര്‍ വാങ്ങാനായി പണം കണ്ടെത്തുന്നതിനാണ് മോഷണം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി.
നേരത്തെ പലസ്ഥലങ്ങളിൽ സോബിന്‍ ജോലി ചെയ്‌തിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധിയാണ് മോഷണം നടത്താന്‍ കാരണമായതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയാണ് സ്ഥലത്തെത്തിയതെന്ന് സോബിന്‍ പൊലീസിനോട് പറഞ്ഞു.
മോഷണം നടത്താന്‍ സുഹൃത്തിൻ്റെ ബൈക്കിൽ എത്തിയ സോബിൻ നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിച്ചിരുന്നു. മാല പൊട്ടിക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടു. പിന്നീട് വീണ്ടും നടത്തിയ ശ്രമത്തിലാണ് മാല കിട്ടിയതെന്നും സോബിൻ്റെ മൊഴിയിൽ പറയുന്നു. മോഷണ ശ്രെമത്തിനിടെ വീട്ടമ്മയുടെ ചെറുത്തുനില്‍പ്പില്‍ സോബിൻ്റെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. മാല പൊട്ടിച്ച് ശേഷം നേരെ ബാങ്കിലെത്തി പണയം വെക്കുകയും ചെയ്തു.