
കോട്ടയം: ഗാന്ധിനഗർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പള്ളിക്കത്തോട് സ്വദേശിയായ സുധീപ് എബ്രഹാം(52) എന്നയാൾ മരണപ്പെട്ട കേസിൽ 2പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വാഴൂർ ചെങ്കൽ ചർച്ച് ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ വി. അനീഷ്(39), പനപ്പുഴ ഭാഗത്ത് പടന്നമക്കൽ വീട്ടിൽ പ്രസീദ് (52) എന്നിവരെയാണ് പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവം ഇങ്ങനെ:
പ്രതി അനീഷ് ഓടിച്ചിരുന്ന ഓട്ടോറിക്ഷയിൽ സുധീപ് എബ്രഹാം തന്റെ വീട്ടില്‍ പോകുന്നതിനുവേണ്ടി കയറുകയും, വീട്ടിലേക്ക് പോകാതെ അനീഷ് അയാളുടെ വീടിന് സമീപമുള്ള റോഡില്‍ ഓട്ടോ നിര്‍ത്തുകയും ആയിരുന്നു. എന്നാല്‍ വീട്ടിലേക്ക് വണ്ടിവിടാന്‍ സുധീപ് ആവശ്യപ്പെടുകയും പോകുന്നതിന് അനീഷും ഇയാളുടെ കൂടെ ഓട്ടോയിൽ ഉണ്ടായിരുന്ന പ്രസീദും വിസമ്മതിക്കുകയുമായിരുന്നു. തുടർന്ന് ഇതിന്റെ പേരിൽ സുധീപുമായി പ്രതികൾ വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തു. തുടർന്ന് തിരികെ കയറിയ സ്ഥലത്ത് ഇറക്കി വിടാം എന്ന് പറഞ്ഞ് അനീഷും പ്രസീദും ചേർന്ന് ഒന്നാം മൈൽ ഷാപ്പിന് സമീപം ഇയാളെ തിരികെ ഇറക്കി വിടുകയും ചെയ്തു. അവിടെവെച്ച് ഇവർ തമ്മിൽ വീണ്ടും വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് മരംവെട്ട് ജോലികൂടി ചെയ്തിരുന്ന അനീഷ് തന്റെ ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് അലവാങ്ക് ഉപയോഗിച്ച് സുധീപിനെ അടിക്കുകയും നിലത്തുവീണ ഇയാളുടെ നെഞ്ചിന് ചവിട്ടുകയുമായിരുന്നു.
അക്രമത്തിന്‍റെ ആഘാതത്തിൽ ഇയാളുടെ ഇരുവശങ്ങളിലായി ഏഴോളം വാരിയെല്ലുകൾ ഒടിഞ്ഞ് ആന്തരിക രക്ത സ്രാവം സംഭവിക്കുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ ഇരുവരും സ്ഥലത്ത് നിന്നും കടന്നുകളയുകയും ചെയ്തു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളെജിൽ എത്തിച്ച സുധീപ് എബ്രഹാം ആന്തരിക രക്തസ്രാവം മൂലം ചികിത്സയിലിരിക്കെ പിന്നീട് മരണപ്പെടുകയായിരുന്നു. പരാതിയെ തുടർന്ന് പള്ളിക്കത്തോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശക്തമായ തെരച്ചിലിനൊടുവിൽ ഇയാളെ ആക്രമിച്ച പ്രതികളെ പിടികൂടുകയുമായിരുന്നു. പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്.ഓ എം.പി എബി, എസ്.ഐ മാരായ രമേശൻ, ശിവപ്രസാദ്, എ.എസ്.ഐ ജയചന്ദ്രൻ, സി.പി.ഓ മാരായ ഐ.കെ സുഭാഷ്, സക്കീർ ഹുസൈൻ, ശ്രീജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.