
ക്രിക്കറ്റ് മത്സരത്തിനിടെ 'പാക്കിസ്ഥാൻ സിന്ദാബാദ്' മുഴക്കി; ആൾക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു
ബംഗളൂരു: പാക്കിസ്ഥാൻ അനുകൂല മുദ്രാവാക‍്യം വിളിച്ചതിന് കർണാടകയിലെ മംഗളൂരുവിൽ യുവാവിനെ ആൾകൂട്ടം തല്ലിക്കൊന്നു. ഞായറാഴ്ച കുടുപ്പു ഭത്ര കല്ലൂർട്ടി ക്ഷേത്രത്തിന് സമീപത്ത് വച്ച് നടന്ന ഒരു ക്രിക്കറ്റ് മത്സരത്തിനിടെയാണ് സംഭവം. യുവാവ് മത്സരത്തിനിടെ 'പാക്കിസ്ഥാൻ സിന്ദാബാദ്' മുഴക്കിയെന്നാണ് പുറത്തുവരുന്ന വിവരം.
സംഭവത്തിൽ ആൾകൂട്ട അതിക്രമത്തിന് 19 പേർക്കെതിരേ കേസെടുത്തതായി പൊലീസ് അറിയിച്ചു. ഇതിൽ 15 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം ആക്രമണത്തിൽ മരിച്ചയാളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. 35നും 40നും ഇടയിൽ പ്രായം വരുന്ന വ‍്യക്തിയാണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം മോർചറിയിലേക്ക് മാറ്റിയിട്ടുണ്ട്. തലയ്ക്കും ശരീരത്തിലും ഏറ്റ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
അറസ്റ്റിലായ പ്രതികൾ
പത്ത് ടീമുകൾ പങ്കെടുത്തിരുന്ന പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്‍റിനിടെ മരിച്ച യുവാവും കുടുപ്പു സ്വദേശിയായ സച്ചിനും തമ്മിലുണ്ടായ വാക്കേറ്റമാണ് ആൾകൂട്ട അതിക്രമത്തിൽ കലാശിച്ചത്. ക്രിക്കറ്റ് മൈതാനത്ത് 100ലധികം ജനം തടിച്ചു കൂടിയിരുന്നു.
ആക്രമിക്കാൻ ശ്രമിച്ചവരെ പിടിച്ചുമാറ്റാൻ ചിലർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. യുവാവ് മരിച്ചത് വ‍്യക്തമായതോടെ പ്രതികൾ മൃതദേഹം സംഭവ സ്ഥലത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.