
ദൗലത്ത് ഖാന്‍
ബംഗളൂരു: ശിവമൊഗ സെൻട്രൽ ജയിലിലെ തടവുകാരന്‍റെ വയറ്റിൽനിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് മൊബൈൽ ഫോൺ. കഞ്ചാവു കേസിൽ കഴിഞ്ഞ വർഷം ജൂൺ 15 മുതൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ദൗലത്ത് ഖാന്‍റെ (30) വയറ്റിൽ നിന്നാണ് മൊബൈൽ ഫോൺ പുറത്തെടുത്തത്.
ജൂൺ 24ന് രാത്രിയോടെയാണ് ഇയാൾ കല്ലു വിഴുങ്ങിയെന്നും കഠിനമായ വയറുവേദനയുണ്ടെന്നും പറഞ്ഞ് ആദ്യം ജയിൽ ഡോക്റ്ററുടെ അടുത്തെത്തുന്നത്. മരുന്നു കൊടുത്തെങ്കിലും വയറുവേദന കൂടിയതോടെ ഇയാളെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സ്റേയിൽ വയറ്റിൽ ഒരു വസ്തുവുള്ളതായും കണ്ടെത്തി.
ശസ്ത്രക്രിയ നടത്തിയപ്പോഴാണ് 1 ഇഞ്ച് വീതിയും 3 ഇഞ്ച് നീളവുമുള്ള മൊബൈൽ ഫോൺ കണ്ടെത്തുന്നത്. ഫോണിൽ ബാറ്ററിയോ സിം കാർഡോ ഉണ്ടായിരുന്നില്ലെന്ന് ഡോക്റ്റർമാർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സെൻട്രൽ ജയിൽ സൂപ്രണ്ട് പി. രംഗനാഥ് തുംഗനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ജയിൽ പരിശോധനയ്ക്കിടെ പിടിക്കപ്പെടാതിരിക്കാൻ മൊബൈൽ ഫോൺ വിഴുങ്ങിയതാണെന്ന നിഗമനത്തിലാണ് പൊലീസ്.