

വിശാഖപട്ടണം: ശാരീരിക വളർച്ച കൂട്ടാൻ വർഷങ്ങളോളം ഹോർമോൺ ഗുളിക നൽകി പതിനാറുകാരിയെ ചൂഷണത്തിനിരയാക്കിയ അമ്മയിൽ നിന്നും പെൺകുട്ടിയെ മോചിപ്പിച്ച് ആന്ധ്രപ്രദേശിലെ ബാലവകാശ കമ്മീഷൻ. വിജയനഗരം സ്വദേശിയായ പെൺകുട്ടിയെ സിനിമാ നടിയാക്കുന്നതിനാണ് ഹോർമോൺ ഗുളിക നൽകിയിരുന്നത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ നാലുവർഷമായി പെൺകുട്ടി ശാരീരികവളർച്ച കൂട്ടുന്നതിനുള്ള ഗുളിക കഴിച്ചിരുന്നു. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് ഗുളികകൾ കഴിപ്പിക്കുന്നതെന്ന് കുട്ടി മൊഴി നൽകി. കഴിക്കുമ്പോൾ താൻ അബോധാവസ്ഥയിലാകുമെന്നും ഇത് വളരെ വേദനയുണ്ടാക്കിയിരുന്നെന്നും പരാതിയിൽ പറയുന്നു. മാത്രമല്ല ഗുളിക കഴിക്കാതിരുന്നാൽ അമ്മ ഉപദ്രവിക്കാറുണ്ടെന്നും, ചിലപ്പോൾ ഷോക്കടിപ്പിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയുെ ചെയ്യും. ഇതെക്കെ തന്‍റെ പഠനത്തെ പ്രതികൂലമായി ബാധിച്ചിരുന്നെന്നും കുട്ടി പറയുന്നു.
സിനിമാ പ്രവർത്തകരെന്ന് പറയപ്പെടുന്ന ചിലർ വീട്ടിൽ വരാറുണ്ടെന്നും അവരോട് അടുത്തിടപഴകാൻ അമ്മ ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. മാതപിതാക്കൾ വിവാഹമോചനം നേടിയ ശേഷം അമ്മയ്ക്കൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്. ഇതിനിടെ അമ്മ മറ്റൊരു വിവാഹം കഴിക്കുകയും കുറച്ച് വർഷം മുമ്പ് അയാൾ മരണപ്പെടുകയും ചെയ്തു. പരാതിയുമായി പെൺകുട്ടി ആദ്യം 112 ൽ വിളിച്ച് സഹായം തേടിയെങ്കിലും അവർ പ്രതികരിച്ചിരുന്നില്ല. പിന്നീടാണ് 1098 ൽ വിളിച്ച് പെൺകുട്ടി സഹായം അഭ്യർഥിച്ചത്.