
മുംബൈ: അമ്മയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി പ്ലാസ്റ്റിക് ബാഗുകളിൽ വീട്ടിൽ സൂക്ഷിച്ച കേസിൽ 24-കാരി അറസ്റ്റിൽ. മുംബൈ ലാൽബാഗ് സ്വദേശി വീണ ജയിനെ (53) കൊലപ്പെടുത്തിയ കേസിലാണു മകൾ റിംപിൾ പ്രകാശ് ജയിൻ അറസ്റ്റിലായത്. വീണയെ കാണാനില്ലെന്നു സഹോദരനും അനന്തരവനും നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണമാണു നടുക്കുന്ന കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്.
അമ്മയുമായി നിരന്തരമുളള വഴക്കിനൊടുവിലായിരുന്നു കൊലപാതകമെന്നു മകൾ പൊലീസിനോടു സമ്മതിച്ചു. കഴിഞ്ഞ 14-ന് സഹോദരനും അനന്തരവനും ഇബ്രാഹിം കസം ചാലിലെ വീട്ടിലെത്തിയപ്പോൾ വീണയെ കാണാനായില്ല. അയൽക്കാരോട് അന്വേഷിച്ചപ്പോൾ 2 മാസത്തിലേറെയായി കാണാറില്ലെന്നായിരുന്നു മറുപടി. തുടർന്ന് ഇവർ പൊലീസിനെ സമീപിച്ചു.
പൊലീസ് സംഘം വീട്ടിലെത്തി നടത്തിയ പരിശോധനയിൽ അലമാരയ്ക്കുളളിലെ പ്ലാസ്റ്റിക് ബാഗിൽ നിന്ന് അഴുകിത്തുടങ്ങിയ ശരീരഭാഗങ്ങൾ 5 കഷണങ്ങളായി കണ്ടെത്തി. കുളിമുറിയിൽ ഇരുമ്പു പെട്ടിക്കുളളിൽ നിന്നും ചില ഭാഗങ്ങൾ ലഭിച്ചു. തുടർന്ന് മകളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
മൃതദേഹം മുറിക്കാൻ ഒരു മാർബിൾ കട്ടർ വാങ്ങുകയും ശരീരം അലമാരയിലും കൈകാലുകൾ അടുക്കളയിലെ 2 വാട്ടർ ഡ്രമ്മുകളിലും സൂക്ഷിച്ചിരിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. നവംബറിനും മാർച്ചിനുമിടയിലാണു സംഭവമെന്നാണു പൊലീസിന്റെ നിഗമനം. കഴിഞ്ഞ ഒരു മാസമായി ദുർഗന്ധം വമിക്കുന്നതായി സമീപവാസികൾ പരാതിപ്പെട്ടിരുന്നെങ്കിലും ഇതിന്റെ ഉറവിടം കണ്ടെത്താനായിരുന്നില്ല.
"ശരീരഭാഗങ്ങൾ ജീർണിച്ച നിലയിലായിരുന്നു, വീടുമുഴുവൻ ദുർഗന്ധം ഉണ്ടായിരുന്നു, സ്ഥലത്തിന് ചുറ്റും പുഴുക്കളും പ്രാണികളും ഇഴയുന്നുണ്ടായിരുന്നു. ഉടനെ തന്നെ ഫോറൻസിക് സംഘത്തെ വിളിച്ച് വീടു മുഴുവൻ പരിശോധിക്കുകയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിലേക്ക് അയക്കുകയും ചെയ്തു. റിംപിൾ ആഴ്ചകളോളം കുളിച്ചിട്ടില്ലെന്ന് തോന്നുന്നതായും അവർ പറഞ്ഞു.,” പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. റിംപിളിനെ വ്യാഴാഴ്ച മസ്ഗാവ് കോടതിയിൽ ഹാജരാക്കും.