
പോത്താനിക്കാട് : യുവാവിനെ വീട്ടിൽക്കയറി വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ . ഏനാനല്ലൂർ വെസ്റ്റ് പുന്നമറ്റം നടേപ്പറമ്പിൽ വീട്ടിൽ റിയാസ് (28), ഓണേലിക്കുടിയിൽ വീട്ടിൽ നിഷാദ് (36) എന്നിവരെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
വെങ്ങോല സ്വദേശി ഷിഹാബ് അലിയ്ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് കമന്‍റിട്ടതിനെ ചൊല്ലിയുണ്ടായ മുൻ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോയിൽ പരിക്കേറ്റ യുവാവിന്‍റെ അളിയൻ റഷീദ് കമന്‍റിട്ടതിനെ ചൊല്ലി നേരത്തെ തർക്കമുണ്ടാവുകയും, അത് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തിരുന്നു. അന്ന് മർദ്ദനത്തിൽ റഷീദിന് പരിക്കേറ്റു .ഇത് ഷിഹാബ് അലി ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണം.
പ്രതികൾ ചേർന്ന് പടിഞ്ഞാറെ പുന്നമറ്റത്തുള്ള റഷീദിന്‍റെ വാടക വീട്ടിൽ അതിക്രമിച്ച് കയറി അവിടെ ഉണ്ടായിരുന്ന ഷിഹാബ് അലിയെ കഴുത്തിന് കുത്തുകയായിരുന്നു. തടയാൻ ചെന്ന ഇയാളുടെ ഭാര്യയേയും ആക്രമിച്ചു. റിയാസ് നേരത്തെ മയക്ക്മരുന്ന് കേസിലെ പ്രതിയാണ്. നിഷാദിനെതിരെ നാല് കേസുകളുണ്ട്. ഇൻസ്പെക്ടർ പി.എച്ച്.സമീഷ്, എസ്.ഐമാരായ എം.സി.എൽദോസ്, കെ.ടി.സാബു, എ.എസ്.ഐമാരായ വി.സി.സജി, മനോജ്, സി.പി.ഒ മാരായ കെ.എ.നിയാസുദ്ദീൻ, എന്‍.യു.ദയേഷ്, ദീപു.പി.കൃഷ്ണന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.