

അറസ്റ്റിലായ രാഹുൽ.
കോട്ടയം: അഞ്ച് വർഷം മുമ്പ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ശേഷം തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശപത്രിക സമർപ്പിച്ച് പ്രചരണം നടത്തുന്നതിനിടെ യുവാവ് അറസ്റ്റിൽ. കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ 6-ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന കുമ്മനം പുത്തൻപറമ്പിൽ രാഹുലിനെ(38)യാണ് കോട്ടയം വെസ്റ്റ് പൊലീസ് എസ്.എച്ച്.ഒ എം.ജെ. അരുണിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
2020ൽ രാഹുലിന്‍റെ സുഹൃത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയും രാഹുലിന്‍റെ വീട്ടിൽ ഒളിവിൽ പാർപ്പിക്കുകയും ചെയ്തിരുന്നു. ഈ കേസിൽ അന്ന് രാഹുലിനെയും പ്രതി ചേർത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുശേഷം കേസിൽ കോടതിയിൽ നിന്നും ജാമ്യം എടുത്ത രാഹുൽ മുങ്ങി നടക്കുകയായിരുന്നു എന്നാണ് പൊലീസ് കേസ്.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഇയാളുടെ സുഹൃത്ത് അനന്തു സെഷൻസ് കോടതിയിൽ വിചാരണ നേരിടുകയാണ്. 5 വർഷത്തോളമായി ഇയാൾ കോടതിയിൽ ഹാജരാകാതെ നടക്കുകയായിരുന്നു. ഇതേ തുടർന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽഹമീദിന്‍റെ നേതൃത്വത്തിൽ ലോങ്ങ് പെൻഡിങ് കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി നടത്തിയ അന്വേഷണത്തിലാണ് രാഹുൽ, തിരുവാർപ്പ് പഞ്ചായത്ത് 6-ാം വാർഡിൽ മത്സരിക്കുന്നതായി വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് നടത്തിയ നിരീക്ഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.