
'എപികെ ഫയലുകളിൽ ക്ലിക് ചെയ്യല്ലേ'; മുന്നറിയിപ്പുമായി പൊലീസ്
തിരുവനന്തപുരം: മോട്ടോർവാഹന ഡിപ്പാർട്മെന്‍റിന്‍റെ പേരിൽ വ്യാപകമായി തട്ടിപ്പു നടക്കുന്നതായി കേരളാ പൊലീസ്. വാട്സാപ്പിലേക്ക് എംവിഡിയുടേതെന്ന വ്യാജേന അയക്കുന്ന എപികെ ഫയലുകൾ ഡൗൺലോഡ് ചെയ്യരുതെന്നാണ് പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
നിയമലംഘനത്തിന്‍റെ പേരിൽ പിഴയടക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള സന്ദേശത്തിനു പുറകേയാണ് പിഴയടക്കാനുള്ള ലിങ്ക് എന്ന രീതിയിൽ എപികെ ഫയലുകൾ അയക്കുന്നത്. ഇവ ഡൗൺലോഡ് ചെയ്യുന്നതോടെ ഫോൺ പൂർണമായും ഹാക്ക് ചെയ്യാൻ സാധിക്കുമെന്ന് പൊലീസ് പറയുന്നു.
കേരള പൊലീസ് ഫെയ്സ്ബുക്കിൽ പങ്കു വച്ച കുറിപ്പ് വായിക്കാം.
മോട്ടോർ വാഹന വകുപ്പിന്‍റെ പേരിലോ മറ്റോ നിങ്ങളുടെ ഫോണിലേക്ക് എത്തുന്ന .apk (അപ്ലിക്കേഷൻ) ഫയലുകളെ സൂക്ഷിക്കണം. തട്ടിപ്പാണ്. നിങ്ങളുടെ സുഹൃത്തുക്കളുടെ അക്കൗണ്ടിൽ നിന്നും ഇത്തരം ഫയലുകൾ വന്നേക്കാം. ഒരിക്കലും ഇത്തരം ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുത്.
ഇത്തരം ആപ്ലിക്കേഷൻ ഫയൽ നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ആയാൽ നിങ്ങളുടെ ഫോണിന്‍റെ നിയന്ത്രണം തട്ടിപ്പുകാർ കയ്യടക്കും. തുടർന്ന് നിങ്ങളുടെ ഫോണിലുള്ള ബാങ്കിങ് ആപ്ലിക്കേഷനുകൾ വഴി നിങ്ങളുടെ അക്കൗണ്ടിലുള്ള പണം തട്ടിയെടുക്കുകയും നിങ്ങളുടെ തന്നെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഈ അപ്ലിക്കേഷൻ ഫയലുകൾ നിങ്ങളുടെ സുഹൃത്തുക്കൾക്ക് അയച്ചു നൽകുകയും ചെയ്യും. ശ്രദ്ധിക്കണേ.. !!
ഓൺലൈൻ സാമ്പത്തികകുറ്റകൃത്യങ്ങൾക്ക് ഇരയാവുകയോ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ 1930 എന്ന നമ്പറിൽ ബന്ധപ്പെടാം. https://cybercrime.gov.in എന്ന വെബ്‌സൈറ്റ് വഴിയും പോലീസിനെ വിവരമറിയിക്കാം.