കാമുകനെയും പെൺ സുഹൃത്തിനെയും തീവച്ചു കൊന്നു: നടി നർഗീസ് ഫക്രിയുടെ സഹോദരി അറസ്റ്റിൽ | Video
ന്യൂയോർക്ക്: റോക്ക്സ്റ്റാർ എന്ന സിനിമയിലൂടെ പ്രശസ്തയായ ബോളിവുഡ് നടി നർഗീസ് ഫക്രിയുടെ സഹോദരിയെ ഇരട്ട കൊലപാതക കേസിൽ യുഎസ് പൊലീസ് അറസ്റ്റ് ചെയ്തു. മുൻ കാമുകനെയും പെൺസുഹൃത്തിനെയും തീവച്ചു കൊന്നെന്നാണ് ആലിയ ഫക്രിക്കെതിരായ കേസ്.
നാൽപ്പത്തിമൂന്നുകാരിയായ ആലിയ രണ്ടു നില ഗരാഷിനു തീവച്ചത് എഡ്വേർഡ് ജേക്കബ്സ് (35), അനസ്താസിയ എറ്റീൻ (33) എന്നിവരുടെ മരണത്തിനു കാരണമായെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.
നവംബർ രണ്ടിന് പുലർച്ചെ ഗരാഷിലെത്തിയ ആലിയ, ''നിങ്ങളെല്ലാം ഇന്നു ചാവാൻ പോകുന്നു'' എന്ന് ആക്രോശിച്ചുകൊണ്ടാണ് കെട്ടിടത്തിനു തീയിട്ടതെന്ന് ദൃക്സാക്ഷിയുടെ മൊഴിയുണ്ട്.
സംഭവം നടക്കുമ്പോൾ ജേക്കബ്സ് മുകളിലെ നിലയിൽ ഉറക്കത്തിലായിരുന്നു. എറ്റീൻ ബഹളം കേട്ട് താഴേക്കു വന്നെങ്കിലും ജേക്കബ്സിനെ രക്ഷിക്കാൻ തിരിച്ചു കയറിയപ്പോൾ കുടുങ്ങിപ്പോകുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റതും പുക ശ്വസിച്ചതുമാണ് ഇരുവരുടെയും മരണകാരണം.
കുറ്റം തെളിയിക്കപ്പെട്ടാൽ ജീവപര്യന്തം തടവ് ശിക്ഷ വരെ ആലിയക്കു ലഭിക്കാം. ഡിസംബർ ഒമ്പത് വരെ കോടതി അവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.