
വളർത്തുനായയുടെ കുര സഹിക്കാനാവാതെ വന്നതോടെ ജീവനോടെ കുഴിച്ചുമൂടി അയൽവാസി. സംഭവം ഇവിടെ ഒന്നുമല്ല, അങ്ങ് ദൂരെ ബ്രസീലിൽ പ്ലാനുറയിലാണ്. അയൽവാസിയുടെ നൈന എന്ന നായയെയാണ് 82 കാരിയായ സ്ത്രീ കുഴിച്ചിട്ടത്. മണ്ണിനടിയിൽ കുഴിച്ചിടുക മാത്രമല്ല അത് പൊലീസിനോട് സമ്മതിക്കുകയും ചെയ്തു.
രാത്രി നായ നിറുത്താതെ കുരച്ചതിനാലാണ് തന്‍റെ പൂന്തോട്ടത്തിൽ കുഴിയുണ്ടാക്കി അതിനെ ജീവനോടെ കുഴിച്ചുമൂടിയതെന്ന് അയൽവാസി പൊലീസിനോട് പറഞ്ഞതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ നായയെ കാണാതെ വന്നതോടെ അന്വേഷിച്ചെത്തിയ ഉടമ മണ്ണ് ഇളകി കിടക്കുന്നത് കണ്ടതോടെ ഉടന്‍ അവിടെ കുഴിച്ച് നോക്കിയതിനാൽ തക്കസമയത്ത് നായയെ രക്ഷിക്കാനായി.
രക്ഷപ്പെടുത്തുന്നതിന് ഒന്നരമണിക്കൂർ മുന്‍പാണ് അയൽവാസി നായയെ കുഴിച്ചുമൂടിയത്. രക്ഷപ്പെടുത്തിയ നായയെ ഉടന്‍ തന്നെ വെറ്റിനറി ഡോക്‌ടറുടെ അടുത്ത് എത്തിച്ചതിനാൽ രക്ഷിക്കാനായി. എന്നാൽ കുറ്റം ചെയ്തതിൽ തനിക്ക് യാതൊരുവിധ കുറ്റബോധവുമില്ലെന്നാണ് 82-കാരിയുടെ പ്രതികരണം. അതുമാത്രമല്ല വേണമെങ്കിൽ ഒന്നുകൂടി കുഴിച്ചുമൂടാമെന്നാണ് ചോദ്യം ചെയ്തപ്പോൾ സ്ത്രീ പൊലീസിനോട് പ്രതികരിച്ചത്. നായയെ തന്‍റെ വീടു പരിസരത്ത് വരുന്നത് അനുവദിക്കരുത് എന്ന് ഉടമയ്ക്ക് താക്കീത് നൽകുകയും ചെയ്തിരുന്നു. സംഭവത്തിൽ ഇവർക്കെതിരെ പൊലീസ് കേസെടുത്തു.