യുകെയിൽ ഡോക്‌ടറെന്നു പരിചയപ്പെടുത്തി, വിശ്വാസ്യതയ്ക്കായി വീഡിയോ കോളും: പെൺകുട്ടിയെ കബളിപ്പിച്ച് 15 ലക്ഷം തട്ടി

ലണ്ടനിൽ നിന്നും മുംബൈയിലേക്കുള്ള ടിക്കറ്റിന്‍റെ ചിത്രവും അയച്ചു കൊടുത്തു. തുടർന്നാണ് മുംബൈ എയർപോർട്ടിലെ കസ്റ്റംസ് കഥ പറഞ്ഞു പണം തട്ടിയത്
യുകെയിൽ ഡോക്‌ടറെന്നു പരിചയപ്പെടുത്തി, വിശ്വാസ്യതയ്ക്കായി വീഡിയോ കോളും:  പെൺകുട്ടിയെ കബളിപ്പിച്ച് 15 ലക്ഷം തട്ടി
Updated on

ഡൽഹി: യുകെയിൽ ഡോക്‌ടറാണെന്ന വ്യാജേനെ പരിചയപ്പെട്ടയാൾ ഡൽഹി സ്വദേശിനി പെൺകുട്ടിയെ കബളിപ്പിച്ച് 15.59 ലക്ഷം രൂപ തട്ടി. മാട്രിമോണിയൽ സൈറ്റിലൂടെ അടുപ്പത്തിലാവുകയും, വിവാഹം ചെയ്യാനായി ഇന്ത്യയിലെത്തുന്നുവെന്ന് അറിയിക്കുകയും ചെയ്ത ശേഷം ആസൂത്രിതമായിട്ടായിരുന്നു തട്ടിപ്പ്. യുകെയിൽ നിന്നും ഡൽഹിയിലേക്കു വരുന്നവഴി മുംബൈ എയർപോർട്ടിൽ കസ്റ്റംസിന്‍റെ പിടിയിലായെന്നും, മോചനം ലഭിക്കണമെങ്കിൽ 15 ലക്ഷം നൽകണമെന്നും തെറ്റിദ്ധരിപ്പിച്ചായിരുന്നു കബളിപ്പിക്കൽ. സംഭവത്തിൽ ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ഏപ്രിലിൽ മാട്രിമോണിയൽ സൈറ്റിലൂടെയാണു മുപ്പത്താറുകാരി പെൺകുട്ടി യുകെ ഡോക്‌ടർ എന്നു പരിചയപ്പെടുത്തിയ പരംജിത്ത് സിങ്ങിനെ പരിചയപ്പെട്ടത്. പരസ്പരം ഫോൺ നമ്പർ കൈമാറുകയും സംസാരിക്കുകയും ചെയ്തു. യുകെയിൽ സ്വന്തമായുള്ള വലിയ വീട് വാട്സപ്പ് വീഡിയോ കോൾ വഴി കാണിക്കുകയും ചെയ്തു. പെൺകുട്ടിയെ വിവാഹം ചെയ്യാനായി ഇന്ത്യയിലേക്ക് എത്തുന്നുവെന്നും അറിയിച്ചു. ലണ്ടനിൽ നിന്നും മുംബൈയിലേക്കുള്ള ടിക്കറ്റിന്‍റെ ചിത്രവും അയച്ചു കൊടുത്തു. തുടർന്നാണ് മുംബൈ എയർപോർട്ടിലെ കസ്റ്റംസ് കഥ പറഞ്ഞു പണം തട്ടിയത്. 'കസ്റ്റംസ് ഓഫീസറെയും' വിഡിയോ കോളിലൂടെ കാണിച്ചു കൊടുത്തു. പണം നൽകിയ ശേഷം, അധികം വൈകാതെ പരംജിത്ത് സിങ് ഡൽഹിയിൽ എത്തുമെന്നു കരുതി കാത്തിരുന്നു. ദിവസങ്ങൾ കടന്നു പോയപ്പോഴാണു തട്ടിപ്പാണെന്നു പെൺകുട്ടി തിരിച്ചറിഞ്ഞതും പൊലീസിൽ പരാതി നൽകിയതും.

വ്യത്യസ്ത അക്കൗണ്ടുകളിലേക്കാണു പണം നൽകിയതെന്നു പെൺകുട്ടി വ്യക്തമാക്കി. ഇത്തരത്തിലുള്ള നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നു പൊലീസ് വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com