
ഒഡീശയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയെ തീകൊളുത്തി കൊല്ലാൻ ശ്രമം
ഭുവനേശ്വർ: ഒഡീഷയിലെ പുരിയിൽ പന്ത്രണ്ടാംക്ലാസ് വിദ്യാർഥിനിയെ തീകൊളുത്തി കൊല്ലാൻ ശ്രമം. 3 പേർ ചേർന്നാണ് കുട്ടിയെ കൊല്ലാൻ ശ്രമിച്ചത്. പ്രാദേശിക പൊലീസ് സ്റ്റേഷനിൽ നിന്ന് വെറും 1.5 കിലോമീറ്റർ അകലെ, ശനിയാഴ്ച രാവിലെ 8.30 ഓയോടെയായിരുന്നു സംഭവം. ബുക്ക് തിരികെ നൽകാൻ സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് കുട്ടിക്ക് നേരെ അക്രമമുണ്ടായത്.
ഭാർഗവി നദിക്കടുത്തുള്ള വിജനമായ പ്രദേശത്തിന് സമീപം 3 പേർ കുട്ടിയെ തടഞ്ഞു നിർത്തുകയും തീ കൊളുത്തുകയുമയിരുന്നു എന്ന് ദൃസാക്ഷികൾ പറഞ്ഞു. സംഭവത്തിന് പിന്നാലെ ഇവർ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. പെൺകുട്ടിയുടെ നിലവിളി കേട്ട് ആളുകൾ സ്ഥലത്തെത്തുകയും ഉടൻതന്നെ കുട്ടിയെ പിപിലിയിലെ കമ്യൂണിറ്റി സെന്‍ററിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ പിന്നീട് ഭുവനേശ്വറിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി.
കുട്ടിയുടെ കൈകളിലും കാലുകളിലും ശരീരത്തിലും ഗുരുതരമായി പൊള്ളലേറ്റതായി ആശുപത്രി അധികൃതർ പറഞ്ഞു. അക്രമികളെ ഇതുവരെയും തിരിച്ചറിയാനായിട്ടില്ലെന്നും വ്യക്തിവൈരാഗ്യത്തിനോ പ്രണയ പ്രതികാരത്തിനുള്ള സാധ്യതകൾ കുടുംബം തള്ളിക്കളഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, ചികിത്സയുടെ എല്ലാ ചെലവുകളും സർക്കാർ വഹിക്കുമെന്നും കുറ്റവാളിയെ ഉടൻ അറസ്റ്റ് ചെയ്ത് ശക്തമായ നടപടി സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകിയതായും ഒഡീഷ ഉപമുഖ്യമന്ത്രി പ്രവതി പരിദ അറിയിച്ചു.