
ലഖ്നൗ: ഉത്തർപ്രദേശിൽ ബലാത്സംഗക്കേസിൽ ജാമ്യം ലഭിച്ച പ്രതികൾ കേസിലെ അതിജീവിതയെ പിന്തുടർന്നു വെട്ടി കൊലപ്പെടുത്തി. അശോക്, പവൻ നിഷാദ് എന്നിവരാണ് പെൺകുട്ടിയെ പട്ടാപ്പകൽ നാട്ടുകാരുടെ കൺമുന്നിൽ വച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. ഉത്തർപ്രദേശിലെ കോശമ്പി ജില്ലയിലാണ് സംഭവം.
മൂന്നു വർഷം മുൻപാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സഹോദരങ്ങൾ കൂടിയായ പ്രതികൾ ബലാത്സംഗം ചെയ്തത്. ഇതേത്തുടർന്ന് അശോകിനെയും പവൻ നിഷാദിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെയാണ് ഇരുവർക്കും ജാമ്യം ലഭിച്ചത്. ജയിലിൽ നിന്ന് ഇറങ്ങിയതിനു പിന്നാലെ ഇരുവരും പെൺകുട്ടിയെ ചെന്നു കണ്ട് കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പെൺകുട്ടി ഇത് തള്ളിക്കളഞ്ഞതോടെ ചൊവ്വാഴ്ച രാവിലെ വയലിൽ നിന്ന് മടങ്ങിയ പെൺകുട്ടിയെ ഇരുവരും ചേർത്ത് മഴു കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു.