

മഹാരാഷ്ട്രയിൽ വൻ കഞ്ചാവ് വേട്ട; 60 കാരൻ പിടിയിൽ
പ്രതീകാത്മക ചിത്രം- എഐ
ബീഡ്: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ നിന്നും 30 ലക്ഷം രൂപ വിലമതിക്കുന്ന 60 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഗൗസ്ഖാൻ എന്ന ബാബു ഉമർഖാൻ പഠാൻ എന്ന 60 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബീഡ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള രജൂരി ഗ്രാമത്തിലുള്ള ഒരു വീട്ടിൽ കഴിഞ്ഞ ദിവസമാണ് പൊലീസ് റെയ്ഡ് നടത്തിയത്. തുടർന്ന് നാലു ചാക്കുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു.
വാണിജ‍്യ ആവശ‍്യങ്ങൾക്കു വേണ്ടിയാണ് ഇയാൾ കഞ്ചാവ് സൂക്ഷിച്ചിരുന്നതെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 1985ലെ എൻഡിപിഎസ് ആക്റ്റ് പ്രകാരം വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.