കുഞ്ഞുമുഹമ്മദ്
കുഞ്ഞുമുഹമ്മദ്

ഗൂഗിൾ പ്രമോഷൻ ജോലി തട്ടിപ്പ്; കൊച്ചിയിൽ ഒരാൾ പിടിയിൽ

ഓൺലൈനായി ഗൂഗിൾ പ്രമോഷൻ ചെയ്യാൻ താല്പര്യമുണ്ടോ എന്ന മെസ്സേജും, ലിങ്കും അയച്ചു കൊടുക്കുകയാണ് ആദ്യം ഇയാൾ ചെയ്തത്

കൊച്ചി: ഗൂഗിൾ പ്രമോഷൻ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ . പാലക്കാട് കാക്കിട്ടിരിമല മാമ്പുള്ളി ഞാലിൽ വീട്ടിൽ കുഞ്ഞുമുഹമ്മദ് (55) നെയാണ് ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത് പൊതുവയപ്പ് സ്വദേശിയായി യുവാവിൽ നിന്നും 10 ലക്ഷത്തിലേറെ രൂപയാണ് ഇയാൾ തട്ടിയെടുത്തത്.

ഓൺലൈനായി ഗൂഗിൾ പ്രമോഷൻ ചെയ്യാൻ താല്പര്യമുണ്ടോ എന്ന മെസ്സേജും, ലിങ്കും അയച്ചു കൊടുക്കുകയാണ് ആദ്യം ഇയാൾ ചെയ്തത്. തുടർന്ന് ഗൂഗിൾ പ്രമോഷൻ നടത്തിച്ചു. അതിന് ചെറിയ തുക പ്രതിഫലവും നൽകി.

പിന്നീട് കൂടുതൽ വരുമാനത്തിന് എന്ന വ്യാജേന പെയ്ഡ് ടാസ്ക്കുകൾ നൽകി. അതിനായി പണവും വാങ്ങി. ടാസ്കുകൾ പൂർത്തീകരിച്ചില്ലെന്നും സിബിൽ സ്കോർ കുറഞ്ഞുപോയി എന്നും പറഞ്ഞു വീണ്ടും പൈസ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഇതിൽ സംശയം തോന്നിയ യുവാവ് പൊലീസിനെ സമീപിച്ചു. കേസിൽ അന്വേഷണം നടത്തിയ ഞാറക്കൽ പൊലീസ് മലപ്പുറം എറവക്കാട് ഭാഗത്തുനിന്നാണ് പ്രതിയെ പിടികൂടുന്നത്. മുനമ്പം ഡിവൈഎസ്പി എൻ.എസ് സലീഷിന്‍റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ സുനിൽ തോമസ്, സബ് ഇൻസ്പെക്ടർ അഖിൽ വിജയകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ പ്രീജൻ, അനൂപ് എന്നിവർ ഉണ്ടായിരുന്നു