
ദീപേഷ്
കോട്ടയം: ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് നടത്തിയ പ്രതിയെ ഉത്തർപ്രദേശിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. ഗോൾഡ് മൈനിങ് കമ്പനിയിൽ പണം നിക്ഷേപിച്ചാൽ റിസ്കില്ലാതെ കൂടുതൽ ലാഭം ഉണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് കോട്ടയം കളത്തിപ്പടി സ്വദേശിയിൽ നിന്നും 1,17, 78,700 രൂപ തട്ടിയെടുത്ത ഉത്തർപ്രദേശ് ജഗദീഷ്പുര അംബേദ്കർ മൂർത്തി രാഹുൽ നഗറിന് സമീപം ശാരദാ വിഹാറിൽ വച്ച് ദീപേഷിനെ (25)യാണ് അറസ്റ്റ് ചെയ്തത്.
2024 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതികളുടെ ഫോൺ നമ്പരിൽ നിന്നും വാട്‌സ് ആപ്പ് കോൾ വിളിച്ച് ന്യൂ മോണ്ട് ഗോൾഡ് ക്യാപ്പിറ്റൽ എന്ന ഗോൾഡ് മൈനിങ് കമ്പനിയെക്കുറിച്ച് വിശദീകരിച്ചും, ഈ കമ്പനിയിൽ പണം ഇൻവെസ്റ്റ് ചെയ്താൽ ഷെയർ മാർക്കറ്റിലെ പോലെ റിസ്ക് ഇല്ലാതെ ഫിക്സഡ് ആയിട്ട് ഒരു നല്ല തുക ലഭിക്കുമെന്ന് കളത്തിപ്പടി സ്വദേശിയെ വിശ്വസിപ്പിച്ചു. തുടർന്ന് മലയാളത്തിൽ ഇതേ കാര്യങ്ങളെപ്പറ്റി ഫോണിൽ സംസാരിപ്പിച്ചും ഫോണിലൂടെ നൽകിയ ഒരു ആപ്പ് ഡൗൺലോഡ് ചെയ്യിച്ച് അതിലൂടെ പലതവണകളായി പല അക്കൗണ്ടുകളിലേക്ക് പണം അയച്ചു വാങ്ങുകയായിരുന്നു. വിശ്വാസ്യതയ്ക്കായി ചെറിയ തുകകൾ ലാഭവിഹിതം എന്ന പേരിൽ തിരികെ നൽകുകയും ചെയ്തിരുന്നു.
പിന്നീട് 2024 ഓഗസ്റ്റ് 19ന് ആവലാതിക്കാരൻ 4300 ഡോളർ പിൻവലിക്കാൻ അപേക്ഷ കൊടുത്തപ്പോൾ പണം ആവലാതിക്കാരന്റെ അക്കൗണ്ടിൽ വരാത്തതിനെ തുടർന്ന് പ്രതികളുടെ ഫോൺ നമ്പരിലേക്ക് വിളിച്ചപ്പോൾ ഫോൺ എടുക്കാതെ ഇരിക്കുകയും ഈ ഫോൺ നമ്പർ നിലവിലില്ലെന്ന് അറിയുകയും ചെയ്തു. താൻ പറ്റിക്കപ്പെടുകയാണെന്നും പണം തട്ടിയെടുക്കപ്പെട്ടു എന്നും പരാതിക്കാരന് മനസിലായതോടെ ഇയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുകയും കേസിൽ ഉൾപ്പെട്ട പ്രതി ഉത്തർപ്രദേശിൽ ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനായി എസ്.ഐ കെ.വി. വിപിൻ, സിപിഒമാരായ ഷാനവാസ്, യൂസെഫ്, രാജീവ് ജനാർദനൻ എന്നിവരടങ്ങുന്ന പൊലീസ് സംഘം അവിടേക്ക് പോകുകയും പ്രതി ദീപേഷിനെ ഉത്തർപ്രദേശിലുള്ള വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയുമായിരുന്നു.