വാർത്താ അവതാരക റാബിയ അഹ്സാൻ വീടിനുള്ളിൽ‌ വെടിയേറ്റ് മരിച്ച നിലയിൽ; അബദ്ധത്തിൽ പറ്റിയതെന്ന് ഭർത്താവ്, കസ്റ്റഡിയിൽ

റാവൽപിണ്ടിയിലെ വസതിയിലാണ് റാബിയയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്
pak news anchor rabia ahnan shot dead, husband in custody

റാബിയ അഹ്സാൻ

Updated on: 

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ വാർത്താ അവതാരകയായ റാബിയ അഹ്സൻ (41) വെടിയേറ്റ് മരിച്ചു. റാവൽപിണ്ടിയിലെ വസതിയിലാണ് റാബിയയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ റാബിയയുടെ ഭർത്താവ് അഹ്സാൻ താഹിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവമുണ്ടായത്. അമ്മയും സഹോദരിയും വീടിന്‍റെ മുറ്റത്ത് നിൽക്കുമ്പോഴാണ് വെടിശബ്ദം കേൾക്കുന്നത്. ഓടിയെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന റാബിയയെ കണ്ടത്. അടുത്തായി കൈയിൽ തോക്കുമായി അഹ്സാനും നിൽ‌പ്പുണ്ടായിരുന്നു. കഴുത്തിന് താഴെയും മുതുകിന്‍റെ വലതുഭാഗത്തുമായാണ് വെടിയേറ്റത്.

വീട്ടിൽ നിന്ന് പൊലീസ് തോക്കും കണ്ടെടുത്തു. അബദ്ധത്തിൽ വെടിപൊട്ടി എന്നാണ് ഭർത്താവ് പൊലീസിനോട് പറഞ്ഞത്. 92 ന്യൂസ് ചാനലിലാണ് റാബിയ ജോലി ചെയ്തിരുന്നത്. ഭർത്താവ് ഓവർസീസ് പാക്കിസ്ഥാനീസ് ഫൗണ്ടേഷനിൽ ഡപ്യൂട്ടി ഡയറക്‌ടറാണ്. ദമ്പതികൾക്ക് രണ്ട് മക്കളാണ്.