അനധികൃത പച്ചമണ്ണ് ഖനനം; 3 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു

അനധികൃത പച്ചമണ്ണ് ഖനനം; 3 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു

ജില്ലാ പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശപ്രകാരമാണ് നടപടി.
Published on

പത്തനംതിട്ട : നിരന്തരമായി അനധികൃത പച്ചമണ്ണ് ഖനനം നടത്തുന്ന പരാതിയെതുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ മൂന്ന് വാഹനങ്ങൾ പിടിച്ചെടുത്തു, 3 പേർ അറസ്റ്റിൽ. വടശ്ശേരിക്കര കുമ്പളാം പൊയ്കയിൽ സ്വകാര്യവ്യക്തിയുടെ വസ്തുവിൽ അനധികൃത ഖനനം നടത്തിക്കൊണ്ടിരുന്ന ജെ സി ബിയും രണ്ട് ടിപ്പറുകളുമാണ് ഡാൻസാഫ്സംഘവും മലയാലപ്പുഴ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ഇന്ന് പുലർച്ചെ പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശപ്രകാരമാണ് നടപടി. അനുമതി പത്രമോ മറ്റോ ഇല്ലാതെയാണ് ഖനനവും കടത്തും നടന്നുകൊണ്ടിരുന്നത്. കുമ്പളാം പൊയ്കയിലെ തടിമില്ലിന് സമീപമുള്ള വസ്തുവിൽ നിന്നും ജെ സി ബിയിൽ മണ്ണ് നീക്കി ടിപ്പറുകളിൽ നിറച്ചു കൊണ്ടിരിക്കവേയാണ് ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് സംഘമെത്തി വാഹനങ്ങൾ തടഞ്ഞത്. ഒരു ടിപ്പറിൽ പച്ചമണ്ണ് കയറ്റിയ നിലയിലും മറ്റൊന്നിൽ നിറക്കുന്ന നിലയിലുമാണ് പിടിച്ചെടുത്തത്.

ജെ സി ബി ഓപ്പറേറ്റർ വടശ്ശേരിക്കര തലച്ചിറ ഏറം തെക്കുമല മോടിയിൽ രമേശ്‌ (62), ടിപ്പർ ഡ്രൈവർമാരായ സീതത്തോട് നീലിപിലാവ് കട്ടച്ചിറ അജയഭവനം വീട്ടിൽ അജയൻ (40),കുമ്പളാoപൊയ്ക നരിക്കുഴി രേവതി നിവാസിൽ ഷൈജു (44) എന്നിവരാണ് അറസ്റ്റിലായത്. ഡാൻസാഫ് എസ് ഐ അജി സാമൂവൽ, ഏ എസ് ഐ അജികുമാർ, സി പി ഓമാരായ സുജിത്, മിഥുൻ ജോസ്, ബിനു, ശ്രീരാജ് എന്നിവരും, മലയാലപ്പുഴ പൊലീസ് സ്റ്റേഷനിലെ ഏ എസ് ഐ മനോജ്‌, സി പി ഓ അഖിൽ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.തുടർ നടപടികൾക്കായി വാഹനങ്ങൾ മെയിനിങ് ആൻഡ് ജിയോളജി ജില്ലാ ഓഫീസർക്ക് പൊലീസ് കൈമാറി.

logo
Metro Vaartha
www.metrovaartha.com